തിരുവനന്തപുരം : ജന്മനാട്ടിൽ ഒരു സർക്കാർ ജോലിക്കായുള്ള ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് വി.കെ വിസ്മയയുടെ കാത്തിരിപ്പ് നീളുന്നതിനിടെ ഓഫീസർ റാങ്കിൽ ജോലി വാഗ്ദാനവുമായി ബാങ്ക് ഒഫ് ഇന്ത്യ. ഉടൻ ജോലി നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനത്തിന് രണ്ടു വയസുകഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തതിനാൽ പുതിയ ഓഫർ സ്വീകരിക്കാനൊരുങ്ങുകയാണ് 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാവ്.
ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ റിലേയിലാണ് വിസ്മയ സ്വർണം നേടിയിരുന്നത്. തൊട്ടുപിന്നാലെ എറണാകുളത്ത് നടന്ന സ്വീകരണച്ചടങ്ങിൽ ഗസറ്റഡ് റാങ്കിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകുമെന്ന് കായിക മന്ത്രി ഇ.പി ജയരാജൻ പ്രഖ്യാപിച്ചിരുന്നു. വിസ്മയയുടെ അപേക്ഷ കൊവിഡിന് മുന്നേ കായിക വകുപ്പിന്റെ ശുപാർശയോടെ വിദ്യാഭ്യാസ വകുപ്പിലേക്ക് എത്തിയിരുന്നെങ്കിലും അവിടെ നിന്ന് അനങ്ങിയിട്ടില്ല. 2020 ഫെബ്രുവരിയിൽ വിദ്യാഭ്യാസ മന്ത്രിയെ വിസ്മയ നേരിട്ടുകണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടനെ ശരിയാക്കാം എന്ന് ഉറപ്പുനൽകിയതുമാണ്. എന്നാൽ തുടർന്ന് കൊവിഡും ലോക്ക്ഡൗണും അപേക്ഷയുടെ അനക്കം നിലച്ചു.സെപ്തംബറിൽ വിസ്മയ വീണ്ടും സെക്രട്ടറിയേറ്റിൽ കയറിയിറങ്ങിയെങ്കിലും ഉടനെ ശരിയാക്കാമെന്ന പതിവ് പല്ലവിയിലൊതുങ്ങി.
ലോക്ക്ഡൗണിന് മുന്നേ പട്യാലയിലെ ദേശീയ ക്യാമ്പിലാണ് വിസ്മയ.കൊവിഡ് കാലത്ത് ഇലക്ട്രീഷ്യനായ പിതാവിന് ജോലിയില്ലാതായതോടെ വാടക ഉൾപ്പടെയുള്ള വീട്ടുചെലവുകൾ ബുദ്ധിമുട്ടിലായി.കോതമംഗലത്ത് നാട്ടുകാരുടെ സഹായത്തോടെ നടക്കുന്ന വീടുപണി പൂർത്തിയായിട്ടില്ല. സർക്കാർ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചിരുന്നെങ്കിൽ ഇൗ സമയത്ത് കുടുംബത്തിന് വലിയ സഹായമായേനെയെന്ന് വിസ്മയ പറയുന്നു.
വിസ്മയക്കൊപ്പം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങൾക്കെല്ലാം ഗസറ്റഡ് റാങ്കിൽത്തന്നെ ജോലിയായിട്ടുണ്ട്. കഴിഞ്ഞ വർഷം പശ്ചിമ റെയിൽവേയിൽ നിന്ന് വിസ്മയയെത്തേടി ജോലി വാഗ്ദാനം എത്തിയിരുന്നു.എന്നാൽ കേരളത്തിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അത് വേണ്ടെന്ന് വച്ചു.എന്നാൽ ഇനിയും കാത്തിരുന്നിട്ടുകാര്യമില്ലെന്ന് കണ്ടാണ് ഇൻഡോറിൽ നടന്ന ബാങ്ക് ഒഫ് ഇന്ത്യയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തത്.
സ്പോർട്സിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് വിസ്മയ. ഫുൾ എ പ്ളസോടെയാണ് പത്താം ക്ളാസ് പാസായത്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ബി.എസ്.സി മാത്ത്സിൽ ഡിഗ്രി പൂർത്തിയാക്കിയശേഷം എം.എസ്.ഡബ്ള്യു രണ്ടാം വർഷമാണിപ്പോൾ. പിതാവ് വിനോദ് ഇലക്ട്രീഷ്യനാണ്. അമ്മ സുജാത. ഇപ്പോൾ നീന്തൽ താരമായ സഹോദരി വിജിഷ ഡിഗ്രിക്ക് പഠിക്കുന്നു
ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിയാണ് പ്രധാനം. കേരളത്തിൽ ജോലി ചെയ്യണമെന്നും ദേശീയ മീറ്റുകളിൽ കേരളത്തെ പ്രതിനിധീകരിക്കണമെന്നുമുള്ള ആഗ്രഹം കൊണ്ടാണ് മറ്റ് ഓഫറുകൾ ഇത്രയും കാലം സ്വീകരിക്കാതിരുന്നത്. കാത്തിരുന്ന് മടുത്തപ്പോഴാണ് ബാങ്ക് ഒഫ് ഇന്ത്യയുടെ ട്രയൽസിൽ പങ്കെടുത്തത്. ബാങ്കിലെ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കേരള സർക്കാർ ജോലി നൽകിയാൽ അത് സ്വീകരിക്കും.
- വി.കെ വിസ്മയ