വാഷിംഗ്ടൺ: ജനിതക മാറ്റം വന്ന കൊവിഡ് നിരവധി രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത വകഭേദം 70 ഓളം രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കയിലെ വകഭേദം 31 രാജ്യങ്ങളിലേക്കും പടർന്നതായി കഴിഞ്ഞ ദിവസം പുറത്ത് വിട്ട പകർച്ചവ്യാധി റിപ്പോർട്ടിൽ ഡബ്ലിയു.എച്ച്.ഒ പറയുന്നു.
ബ്രിട്ടനിലെ VOC 202012/01 എന്ന വകഭേദം ഒരാഴ്ചയിൽ 10ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ഒരാഴ്ച കൊണ്ട് എട്ട് രാജ്യങ്ങളിലേക്കാണ് പടർന്നത്. 501Y.V2 എന്ന ഈ വകഭേദത്തെ മുൻ വകഭേദങ്ങളെ പോലെ എളുപ്പം നിർവീര്യമാക്കാൻ ആന്റിബോഡികൾക്ക് സാധിക്കുന്നില്ലെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ പഠനങ്ങൾ ബ്രിട്ടീഷ് വകഭേദം മാരകമാണെന്ന് ചൂണ്ടിക്കാണിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പഠനങ്ങൾ പ്രാഥമികമാണെന്നും അവ സ്ഥിരീകരിക്കാൻ കൂടുതൽ വിശലകനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ബ്രസീലിൽ കണ്ടെത്തിയ മൂന്നാമതൊരു കൊവിഡ് വകഭേദം എട്ട് രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. P1 എന്ന ഈ വകഭേദവും എളുപ്പം പടരുന്നതും കൂടുതൽ കടുത്ത രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതുമാണ്.