വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു ഫംഗസ് അണുബാധ ലോകത്തിന് ഭീഷണി ആയേക്കാമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ദ്ധർ. കാൻഡിഡ ഓറിസ് എന്ന് പേരുള്ള ഫംഗസ് അണുബാധയായിരിക്കും വ്യാപനസാദ്ധ്യത ഉണ്ടാക്കുക എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പൂർണമായ ഒരു പകർച്ചവ്യാധി എന്നാണ് കാൻഡിഡ ഓറിസിനെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ട് അനുസരിച്ച് ഫംഗസ് രക്തപ്രവാഹത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിമാരകമായേക്കാമെന്ന് പറയുന്നു. ഇത് മരണത്തിന് വരെ കാരണമായേക്കാമെന്നാണ് റിപ്പോർട്ട്.
ആദ്യമെത്തിയത് 2009ൽ
കാൻഡിഡ ഓറിസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 2009ലാണ്. ആന്റിഫംഗൽ മരുന്നുകൾ ഈ അണുബാധയ്ക്ക് സഹായകമാകില്ലെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ജോഹന്ന റോഡ്‌സ് പറയുന്നത്. ഇംഗ്ലണ്ടിൽ 2016ലും ഇതേ ഫംഗസ് വ്യാപിച്ചിരുന്നു. കാൻഡിഡ ഓറിസ് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. അതിന് പ്രധാന കാരണം നിർജീവമായ പ്രതലങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കാനാകുമെന്നതാണ് ജോഹന്ന പറയുന്നു.
അജ്ഞാതമായി ഉത്ഭവം
ഫംഗസിന്റെ ഉത്ഭവത്തെക്കുറിച്ച് ഗവേഷകർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കറുത്ത തടാകത്തിൽ നിന്ന് ഉണ്ടായതാണെന്ന് കരുതുന്നു - സി.ഡി.സിയുടെ ഫംഗസ് വിരുദ്ധ വിഭാഗം മേധാവി ഡോ. ടോം ചില്ലർ വ്യക്തമാക്കി. കാൻഡിഡ ഓറിസ് പോലുള്ള രോഗങ്ങൾ അടുത്ത മഹാമാരിയാകുന്നതിന് മുമ്പ് മികച്ച പ്രതിരോധ മാർഗങ്ങൾ വികസിപ്പിക്കുന്നത് നിർണായകമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.