nirmala

കൊച്ചി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ 2021-22 സമ്പദ്‌വർഷത്തേക്കുള്ള ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ നിർമ്മലയുടെ മൂന്നാം ബഡ്‌ജറ്റാണിത്. നടപ്പുവർഷത്തേക്കായി നിർമ്മല കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ്‌ജറ്റ് കൊവിഡിൽ അപ്രസക്‌തമായിരുന്നു.

ഇന്ത്യയെ സ്വയംപര്യാപ്‌തമാക്കുക, മാനുഫാക്‌ചറിംഗ് ഹബ്ബാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച 'ആത്മനിർഭർ‌ ഭാരത്" ആശയിത്തിലൂന്നുന്നതാകും ഇന്ന് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. കൊവിഡിന് മുമ്പേ തളർച്ചയുടെ ട്രാക്കിലായിരുന്നു ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. 2019-20ലെ ജി.ഡി.പി വളർച്ച ദശാബ്ദത്തിലെ താഴ്‌ചയായി നാലു ശതമാനത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് കൊവിഡ് വന്നത്.

നടപ്പുവർഷത്തിന്റെ ആദ്യപാദത്തിൽ വളർച്ച ചരിത്രത്തിലെ ഏറ്റവും തകർച്ചയായ നെഗറ്റീവ് 23.9 ശതമാനത്തിലേക്ക് മൂക്കുകുത്തി. രണ്ടാംപാദത്തിലും നെഗറ്റീവ് വളർച്ചയായതോടെ, ഇന്ത്യ സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തിലും വീണു. കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ്‌രംഗത്തെ ഒട്ടുമിക്ക മേഖലകളും നിർജീവമായി. കാർഷികമേഖല മാത്രമാണ് വീഴാതെ പിടിച്ചുനിന്നത്.

ഇന്ന് ധനമന്ത്രിയിൽ നിന്ന് ഏതാണ്ട് എല്ലാ മേഖലകളും ആനുകൂല്യത്തിനായി കാതോർക്കുകയാണ്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ബഡ്‌ജറ്റ് അവതരിപ്പിക്കുമ്പോൾ നിർമ്മലയ്ക്ക് മുന്നിൽ വെല്ലുവിളികളും നിരവധിയാണ്. സമ്പദ്‌വ്യവസ്ഥയെ നേട്ടത്തിലേക്ക് തിരിച്ചെത്തിക്കുക തന്നെയാണ് അതിൽ പ്രധാനം.

ഉത്തേജകം തേടി

ഉപഭോക്തൃ വിപണി

കൊവിഡിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഏറെ ഉലച്ചത് ഉപഭോക്തൃവിപണിയുടെ തകർച്ചയാണ്. കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം പൊലിഞ്ഞതും ജനം ചെലവ് നിയന്ത്രിച്ചതുമാണ് തിരിച്ചടിയായത്. എഫ്.എം.സി.ജി., ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, ആഭരണം, വസ്‌ത്രം, വാഹനം തുടങ്ങി ഒട്ടേറെ മേഖലകൾ പ്രതിസന്ധിയുടെ അടിത്തറകണ്ടു.

ജനങ്ങളുടെ കൈവശം പണമെത്തിയാൽ മാത്രമേ ഉപഭോക്തൃ ഡിമാൻഡ് മെച്ചപ്പെടൂ. നിർമ്മലയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളിയും ഇതാണ്. ആദായനികുതി ഇളവുകൾ ഉയർത്തിയും പി.എം-കിസാൻ പോലെയുള്ള പദ്ധതികളിലൂടെയും പ്രതിസന്ധി മറികടക്കാനാകും നിർമ്മല ശ്രമിക്കുക. പ്രതിസന്ധിയിലായ മേഖലകൾക്ക് നികുതി ഇളവുകളും പ്രതീക്ഷിക്കാം.

ആരോഗ്യം പ്രധാനം

കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലയാണ് ഇത്തവണ ബഡ്‌ജറ്റിലെ മുഖ്യ ശ്രദ്ധാകേന്ദ്രം. ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി ഉറപ്പ്. നാഷണൽ ഹെൽത്ത് മിഷന് (എൻ.എച്ച്.എം) കൂടുതൽ പണം വകയിരുത്തും. ആരോഗ്യപരിരക്ഷ വ്യാപകമാക്കാനും നടപടിയുണ്ടാകും. ആരോഗ്യമേഖലയ്ക്കുള്ള മൊത്തം നീക്കിയിരുപ്പ് 3-5 ശതമാനം വരെ ഉയർത്താനും സാദ്ധ്യത.

ബാങ്കുകൾക്ക് പിന്തുണ

മൂലധന പ്രതിസന്ധി, കിട്ടാക്കട വർദ്ധന, ദീ‌ർഘകാല മോറട്ടോറിയം എന്നിങ്ങനെ തിരിച്ചടികളുടെ പാതയിലാണ് ഇന്ത്യൻ ബാങ്കിംഗ് രംഗം. പൊതുമേഖലാ ബാങ്കുകൾക്ക് ബഡ്‌ജറ്റിൽ മൂലധന പിന്തുണ ധനമന്ത്രി നൽകിയേക്കും. ബാങ്കുകളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്ന സമഗ്രമായ പരിഷ്‌കാര നടപടികളും പ്രതീക്ഷിക്കുന്നു.

പൊതുമേഖലാ

ഓഹരി വില്പന

നികുതി വരുമാനത്തകർച്ച മോദി സർക്കാർ കൊവിഡിന് മുമ്പേ നേരിടുന്ന വെല്ലുവിളിയാണ്. ഇതു മറികടക്കാനാണ് പൊതുമേഖലാ ഓഹരി വില്പന ഊർജിതമാക്കിയതും. എന്നാൽ, സമ്പദ്‌ഞെരുക്കവും കൊവിഡും മൂലം ആ നീക്കവും പാളി.

നടപ്പു ബഡ്‌ജറ്റിൽ 2.10 ലക്ഷം കോടി രൂപ പൊതുമേഖലാ ഓഹരി വില്പനയിലൂടെ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ സമാഹരിച്ചത് 20,000 കോടി രൂപയിൽ താഴെമാത്രം. എങ്കിലും, ഇന്നത്തെ ബഡ്‌ജറ്റിലും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

ഡിജിറ്റൽ ബഡ്‌ജറ്റ്

നൂറ്റാണ്ടിന്റെ ബഡ്‌ജറ്റ് എന്ന് ധനമന്ത്രി സ്വയം വിശേഷിപ്പിച്ചിട്ടുള്ളതിനാൽ ഏവരുടെയും കൈയടി നേടുന്ന ജനപ്രിയ പ്രഖ്യാപനങ്ങളും മികച്ച പരിഷ്‌കാരങ്ങളും ഇക്കുറി പ്രതീക്ഷിക്കാം. പൊതുമേഖല, ബാങ്കിംഗ്, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റത്തിന് ധനമന്ത്രി ശ്രമിച്ചേക്കും. രാവിലെ 11ന് നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും. പൂർണമായും ഡിജിറ്റലായിരിക്കും ബഡ്‌ജറ്റ്.

നികുതിദായകന്റെ

പ്രതീക്ഷകൾ

 ആദായനികുതി: സെക്‌ഷൻ 80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന്റെ പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്ന് രണ്ടരലക്ഷമോ മൂന്നുലക്ഷമോ ആയി ഉയർത്തുക.

 സ്വപ്‌നവീട്: ഭവന വായ്‌പയുടെ മുതൽതിരിച്ചടവ് കണക്കാക്കി, ആദായനികുതിയിൽ മൂന്നുലക്ഷം രൂപവരെ ഇളവ് നൽകുക.

 മുതിർന്ന പൗരന്മാർ: പലിശവരുമാനത്തിൽ ഇവർക്ക് നിലവിൽ സെക്‌ഷൻ 80 ടി.ടി.ബി പ്രകാരം 50,000 രൂപവരെ ആദായനികുതി ഇളവുണ്ട്. ഇത്, ഒന്നരലക്ഷം രൂപയാക്കുക.

 ഇൻഷ്വറൻസ്: ജീവൻ, ആരോഗ്യ പരിരക്ഷ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതു തരണം ചെയ്യാൻ സെക്‌ഷൻ 80ഡി പ്രകാരമുള്ള ആദായനികുതി ഇളവ് ഒരുലക്ഷം രൂപയാക്കുക.