14-ാം സീസൺ ഐ.പി.എൽ ഏപ്രിലിൽ ഇന്ത്യയിൽ നടക്കും
രഞ്ജി ട്രോഫി ഈവർഷമില്ല, വിജയ് ഹസാരെയും വനിതാ ടൂർണമന്റും നടത്തും
മുംബയ് : ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ 14–ാം എഡിഷൻ ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ നടത്താനുള്ള ഒരുക്കത്തിൽ ബി.സി.സി.ഐ. ഏപ്രിൽ 11 ന് തുടങ്ങി ജൂൺ അഞ്ചിനോ, ആറിനോ അവസാനിക്കുന്ന രീതിയിലായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുക. ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ ഷെഡ്യൂൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ഇംഗ്ളണ്ടുമായുള്ള പരമ്പരകൾ മാർച്ചിലാണ് അവസാനിക്കുന്നത്. അതിനു ശേഷം ഐ.പി.എൽ തുടങ്ങിയാലും താരങ്ങൾക്ക് ആവശ്യത്തിനു വിശ്രമം ലഭിക്കുമെന്നാണു ബി.സി.സി.ഐയുടെ വിലയിരുത്തൽ. ഈ വർഷം ഐ.പി.എൽ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ സ്ഥിരീകരിച്ചു. പകരം വേദിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ധുമാൽ വ്യക്തമാക്കി.
അതേസമയം ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. 87 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ട്രോഫി ഉപേക്ഷിക്കുന്നത്. രഞ്ജി ട്രോഫിയിലൂടെ കളിക്കാർക്ക് ലഭിക്കേണ്ട മാച്ച് ഫീ നൽകുമെന്ന് ബോർഡ് അറിയിച്ചു. എന്നാൽ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റും വനിതകൾക്കായി ഒരു ഷോർട്ട് ഫോർമാറ്റ് ടൂർണമെന്റും നടത്തും. ഐ.പി.എല്ലിന് മുമ്പാകും ഇത്.
ആരാധകരെ സ്റ്റേഡിയങ്ങളിലേക്കു പ്രവേശിപ്പിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സ്റ്റേഡിയങ്ങളിൽ പകുതി ആരാധകരെ അനുവദിക്കാനാണു സാധ്യത. സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഐ.പി.എല്ലും ഇന്ത്യയിൽ തന്നെ നടത്താൻ ഒരുങ്ങുന്നത്.