covishield

കുവൈറ്റ് സിറ്റി: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി കുവൈറ്റ്. വാക്സിനെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയ ശേഷമാണ് അടിയന്തര അനുമതി നൽകിയതെന്ന് ഡ്രഗ് ആൻഡ് ഫുഡ് കൺട്രോൾ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുള്ള അൽ ബദർ അറിയിച്ചു. വാക്സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങൾക്കകം കുവൈറ്റിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് ലക്ഷം ഡോസ് വാക്സിനാണ് ആദ്യ ബാച്ചിൽ എത്തുക. ഓർഡർ നേരത്തേ നൽകിയിരുന്നതായും അദ്ദേഹം അറിയിച്ചു. നേരത്തെ ഫൈസർ വാക്സിന് കുവൈറ്റ് അംഗീകാരം നൽകിയിരുന്നു.

 സൂക്ഷിക്കാൻ എളുപ്പം

കൊവിഷീൽഡ് സൂക്ഷിക്കാൻ സാധാരണ റഫ്രിജിറേറ്റർ മതിയാകും. എന്നാൽ, ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ മാത്രമേ സൂക്ഷിക്കാനാവൂ. അതുകൊണ്ട് തന്നെ കൊവിഷീൽഡ് സൂക്ഷിക്കാൻ ചെലവും കുറവാണ്.

 കുവൈറ്റ് ജനതയ്ക്കിഷ്ടം കൊവിഷീൽഡ്

ഫൈസർ വാക്സിനേക്കാൾ കൊവിഷീൽഡിനോടാണ് കുവൈറ്റ് ജനതയ്ക്ക് താൽപര്യമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഫൈസറിനേക്കാൾ സുരക്ഷിതവുമെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു വിഭാഗം കൊവിഷീൽഡ് മതിയെന്ന വാദവുമായി രംഗത്തെത്തിയത്. എന്നാൽ, ഏത് വാക്സിൻ വേണമെന്ന് തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരമില്ലെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കിയിരുന്നു.