oommen-chandy


കാസർകോഡ്: സംസ്ഥാന സർക്കാരിനെതിരെ ശബരിമല വിഷയം ഉയർത്തി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. ശബരിമല പ്രശ്നം തീർക്കാൻ ഇടതുമുന്നണി ആഗ്രഹിക്കുന്നില്ലെന്നും ഭക്തരെ സർക്കാർ വെല്ലുവിളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫ്‌ളാഗ് ഓഫ്‌ ചെയ്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യം സംബന്ധിച്ച ജനവികാരം മാനിക്കാൻ സർക്കാർ തയ്യാറാണോ എന്നറിയണമെന്നും ശബരിമലയിലെ കോടതിവിധി എൽഡിഎഫ് സർക്കാർ ചോദിച്ചുവാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം രമേശ് ചെന്നിത്തല നയിക്കുക 'ഐശ്വര്യ കേരളയാത്രയ്ക്ക് കാസർകോഡ് കുമ്പളയിൽ നിന്നും തുടക്കമായി. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയാണ് യാത്ര ആരംഭിച്ചത്.

ഇടതുമുന്നണിയുടെ അഞ്ച് വർഷത്തെ ഭരണം കേരളം മടുത്തിരിക്കുന്നുവെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും ഒരു രണ്ടാമൂഴം നൽകാൻ കഴിയില്ല എന്ന് കേരള സമൂഹം പ്രഖ്യാപിക്കേണ്ട സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല യാത്രയുമായി ബന്ധപ്പെട്ടുള്ള തന്റെഎം പ്രസംഗത്തിൽ പറഞ്ഞു. സിപിഎമ്മിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നിരുന്നു. പാർട്ടി ഉയർത്തുന്നത് വിഷം ചീറ്റുന്ന വർഗീയതയാണെന്നും ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നയമാണ് അവരുടേതെന്നുമുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.