ചെന്നൈ: തമിഴ്നാട്ടിൽ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ഒരുമിച്ച് മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. മധുരയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മധുരയിൽ നദ്ദ പൊതുറാലി നടത്തിയിരുന്നു.
ഇതാദ്യമായാണ് എ.ഐ.എ.ഡി.എം.കെയുമായി സംസ്ഥാന തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന് ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച തികയും മുമ്പാണ് തീരുമാനം.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് എ.ഐ.എ.ഡി.എം.കെ കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ഒന്നിച്ച് മത്സരിച്ചിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ മികച്ച വിജയം നേടിയിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചിരുന്നു.