nobel

ഒസ്‌ലോ: ലോകാരോഗ്യ സംഘടന, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവൽനി, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് എന്നിവരെ ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത് നോർവീജിയൻ പാർലമെന്റ് അംഗങ്ങൾ. എന്നാൽ നാമനിർദ്ദേശ പട്ടികയെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പാർലമെന്റ് അംഗങ്ങൾ തയാറായില്ല.

2014 മുതൽ നോർവീജിയൻ പാർലമെന്റ് അംഗങ്ങളാണ് നൊബേൽ പുരസ്കാര പട്ടികയിലേക്ക് നാമനിർദ്ദേശം നടത്തുന്നത്. 2019ൽ മാത്രമാണ് ഇതിന് മാറ്റം വന്നത്. റോയിട്ടേഴ്സ് നടത്തിയ സർവേ പ്രകാരം ഗ്രെറ്റ, നവൽനി, ലോകാരോഗ്യ സംഘടന, ദരിദ്ര രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ സുരക്ഷിതമായും പെട്ടെന്നും എത്തിക്കുന്ന കൊവാക്സ് പദ്ധതി എന്നിവയാണ് നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും, നാറ്റോയും നാമനിർദ്ദേശ പട്ടികയിലുണ്ടെന്നാണ് വിവരം.

കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ പോരാട്ടങ്ങളും അതിനായി സംഘടിപ്പിച്ച ക്യാംപെയ്നുമാണ് ഗ്രെറ്റയെ നാമനിർദ്ദേശത്തിന് അർഹയാക്കിയത്. റഷ്യയിൽ സമാധാനപരമായ ജനാധിപത്യവൽക്കരണത്തിനുള്ള പോരാട്ടം മൂലമാണ് നവൽനിയ്ക്ക് നാമനിർദ്ദേശം ലഭിച്ചത്. 2021 ഒക്ടോബറിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക.