മുംബയ്: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹദ് വ്യക്തികൾ ഈ സർക്കാരിന്റെ കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ അവർ ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ പേരിൽ ജയിലിൽ കിടക്കുമായിരുന്നെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുമായി ശശി തരൂർ. അജ്ഞാതനായ ഒരാൾ പങ്കുവച്ചതെന്ന കുറിപ്പോടെ ഗാന്ധിജിയും അംബേദ്കറും ഭഗത്‌സിംഗും അടക്കമുള്ളവർ അഴിക്കുള്ളിൽ കിടക്കുന്ന ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്.
'ഹിന്ദു ആചാരങ്ങളെ ചോദ്യംചെയ്തതിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അംബേദ്കർ അഴിക്കുള്ളിലാകുന്നത്. ന്യായാധിപൻമാരെ വിമർശിച്ചതിന്റെ പേരിൽ വിചാരണ കാത്ത് കഴിയുകയാണ് മഹാത്മാ ഗാന്ധി. മതദേശീയതയെ എതിർത്തതിന്റെ പേരിൽ ശത്രുത പരത്തുന്നു എന്ന കുറ്റമാണ് മൗലാനാ ആസാദിന്റെ പേരിൽ ചാർത്തിയിരിക്കുന്നത്.
വിപ്ലവാത്മകമായ കവിതകൾ എഴുതിയതിന് യു.എ.പി.എ ചുമത്തി ഭീകരവാദക്കുറ്റത്തിന് വിചാരണ കാത്തു കിടക്കുകയാണ് സരോജിനി നായിഡു. പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാതെ ദേശീയ സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിലാണ് ഭഗത്‌സിംഗ്. ദുർനിയമങ്ങൾക്കെതിരെ സമരം ചെയ്തതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യംനിഷേധിക്കപ്പെട്ട് തടവിൽ കഴിയുകയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്.'