isl

കേരള ബ്ളാസ്റ്റേഴ്സിനെ 3-2ന് കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ

മഡ്ഗാവ് : രണ്ടു ഗോളുകൾക്ക് ലീഡുചെയ്തിട്ടും എ.ടി.കെ മോഹൻ ബഗാനോട് തോൽവി വഴങ്ങി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് വിജയിച്ച ബഗാൻ 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. സീസണിലെ ആറാം തോൽവി വഴങ്ങിയ ബ്ളാസ്റ്റേഴ്സ് 15 പോയിന്റുമായി ഒൻപതാം സ്ഥാനത്തായി.

ആദ്യ പകുതിയിൽ ഗാരി ഹൂപ്പറും രണ്ടാം പകുതിയിൽ കോസ്റ്റ നെയ്മിനേസുവും നേടിയ ഗോളുകൾക്കാണ് 59-ാം മിനിട്ടുവരെ ബ്ാസ്റ്റേഴ്സ് ലീഡുനേടിയത്.മാഴ്സലീഞ്ഞോയിലൂടെ സ്കോറിംഗ് തുടങ്ങിയ ബഗാനെ റോയ് കൃഷ്ണയുടെ ഇരട്ടഗോളുകളാണ് വിജയിപ്പിച്ചത്.

സൂപ്പർ താരം ഫകുൻഡോ പെരേര ഇല്ലാതെ ഇറങ്ങിയിട്ടും ബഗാനെതിരെ തുടക്കത്തിലേ ഗോൾ നേടാനായത് ബ്ളാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകി. ടൂർണമെന്റിൽ ബ്ളാസ്റ്റേഴ്സിനായി പിറന്ന അതിമനോഹരമായ ഗോളുകളിലൊന്നായിരുന്നു ഹൂപ്പറിന്റേത്. വലതുഫ്ളാങ്കിൽ നിന്ന് സന്ദീപ് സിംഗ് നൽകിയ ക്രോസ് നെഞ്ചുകൊണ്ട് തടുത്തശേഷം തകർപ്പനൊരു വോളി ഷോട്ടിലൂടെ ഹൂപ്പർ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ ബഗാൻ ഗോളി അരിന്ദം ഭട്ടാചാര്യയുടെ ഡൈവ് പാഴായി. ആദ്യ പകുതി​യി​ൽ ‌ ഗോളി​ന് ബ്ളാസ്റ്റേഴ്സ് മുന്നിട്ടുനി​ന്നു.

51-ാം മിനിട്ടിൽ സഹൽ തൊടുത്ത ഒരു കോർണർ കിക്കിൽനിന്ന് കോസ്റ്റ നെയ്മിനേസുവും സ്കോർ ചെയ്തതോടെ ബ്ളാസ്റ്റേഴ്സിന് ആത്മവിശ്വാസമേറി. പക്ഷേ 59-ാം മിനിട്ടിൽ മൻവീർ സിംഗിന്റെ പാസിൽ നിന്ന് മാഴ്സെലോ പെരേര ബഗാന്റെ ആദ്യ ഗോൾ നേടി. 65-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് റോയ് കൃഷ്ണയും സ്കോർ ചെയ്തതോടെ കളി സമനിലയിലായി. 87-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ സ്കോർ ചെയ്തതോടെ കളി ബഗാന്റെ കയ്യിലായി.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി.28-ാം മിനിട്ടിൽ സൻഡോസയും 83-ാം മിനിട്ടിൽ ചിയാനീസും നേടിയ ഗോളുകൾക്കാണ് ഹൈദരാബാദിന്റെ വിജയം.ഇതോടെ ഹൈദരാബാദ് എഫ്.സി 15 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.ചെന്നൈയിൻ 16 പോയിന്റുമായി ആറാം സ്ഥാനത്താണ്.