തൃശൂർ: ധനലക്ഷ്‌മി ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി ജെ.കെ. ശിവൻ ചുമതലയേറ്റു. എസ്.ബി.ഐയിൽ വിവിധ വിഭാഗങ്ങളിലായി 37 വർഷത്തെ പ്രവർത്തനസമ്പത്തുമായാണ് അദ്ദേഹം ധനലക്ഷ്‌മി ബാങ്കിൽ എത്തുന്നത്.
കോർപ്പറേറ്റ് ബാങ്കിംഗ്, അന്താരാഷ്‌ട്ര ഫോറെക്‌സ് ഓപ്പറേഷൻസ് എന്നിവയുടെ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം റീട്ടെയിൽ, കാർഷിക വായ്‌പ മേഖലകളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്. എസ്.ബി.ഐയിൽ സ്‌ട്രെസ്ഡ് വായ്‌പാ പരിഹാര വിഭാഗത്തിന്റെ ചീഫ് ജനറൽ മാനേജരായാണ് വിരമിച്ചത്.
കേരളത്തിന്റെ ഗ്രാമ, നഗരമേഖലകളിൽ ആറുവർഷത്തോളം റീട്ടെയിൽ ബ്രാഞ്ച് മേധാവിയായും പ്രവർത്തിച്ചു. എസ്.ബി.ഐയുടെ ലണ്ടൻ ഓഫീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പദവിയും വഹിച്ചു. ന്യൂയോർക്ക് ആസ്ഥാനമായും പ്രവർത്തിച്ചിട്ടുണ്ട്. അഗ്രികൾച്ചർ ബിരുദധാരിയായ ശിവൻ, എം.ബി.എയും ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ബാങ്കേഴ്‌സിൽ നിന്ന് സി.എ.ഐ.ഐ.ബിയും നേടിയിട്ടുണ്ട്.