കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രിമാരായ അമിത് ഷായും സ്മൃതി ഇറാനിയും. കഴിഞ്ഞ 10 വർഷക്കാലമായി മമത സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാൾ ജനത മാപ്പ് നൽകില്ലെന്ന് അമിത് ഷാ പറഞ്ഞു. ഹൗറയിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു ഷാ.
ബംഗാളിൽ നിലവിലെ അവസ്ഥ ഇടതുപാർട്ടികൾ ഭരിച്ചതിനെക്കാൾ കഷ്ടമാണ്. ജനങ്ങളോട് മമത അനീതി കാണിച്ചു. മാറ്റമുണ്ടാക്കുമെന്നാണ് മമത ഉറപ്പ് നൽകിയത്. എന്നാൽ കഴിഞ്ഞ പത്ത് വർഷം നോക്കൂ. അതീവപ്രാധാന്യം നൽകേണ്ടുന്ന ഘടകങ്ങൾ ചിത്രത്തിൽ നിന്ന് മറഞ്ഞുപോയി. ഇതിന് ബംഗാൾ ഒരിക്കലും മമതയോട് ക്ഷമിക്കില്ല. തൃണമൂൽ കോൺഗ്രസിലെ നിരവധി പ്രവർത്തകരും നേതാക്കളും ബി.ജെ.പിയിലെത്തി. ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പ് ആവുന്നതോടെ മമത പാർട്ടിയിൽ ഒറ്റയ്ക്കാവുമെന്ന്' ഷാ പറഞ്ഞു.മോദി സർക്കാർ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ബന്ധുക്കളെ സേവിക്കുക എന്നതാണ് മമതയുടെ ലക്ഷ്യമെന്നും ഷാ പരിഹസിച്ചു.
ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാർട്ടിക്ക് ഒരിക്കലും സ്വന്തം പാർട്ടി അംഗങ്ങളെ നിലനിറുത്താനാവില്ലെന്നും രാമരാജ്യം ബംഗാളിന്റെ വാതിൽക്കലെത്തിയിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ഇപ്പോഴൊരു രാഷ്ട്രീയ പാർട്ടി അല്ല, ഒരു സ്വകാര്യ കമ്പനിയാണെന്നും ഫെബ്രുവരി 28 ആവുന്നതോടെ കമ്പനി പോലും ഇല്ലാതാവുമെന്നും അടുത്തിടെ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരി പറഞ്ഞു.