കൊച്ചി: ആഡംബര ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നുകളുമായി പൊലീസ് അറസ്റ്റു ചെയ്തു. എം.ഡി.എം, ഹാഷിഷ് ഓയിൽ, കഞ്ചാവ് മുതലായവ പിടിച്ചെടുത്തു.
കാസർകോട് വടക്കേപ്പുറം പടന്ന നഫീസത്ത് വില്ലയിൽ സമീർ വി.കെ (35), കോതമംഗലം നെല്ലിമറ്റം മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ പെരുമ്പിള്ളി ചേലാട്ടു വീട്ടിൽ ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്. 46 ഗ്രാം എം.ഡി.എം.എ, 1.280 കിലോഗ്രാം ഹാഷിഷ് ഓയിൽ, 340 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
കാസർകോട്ടുകാരനായ സമീർ മലേഷ്യയിൽ ജോലി ചെയ്തശേഷം കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുകയാണ്. കടകളുടെ മറവിലാണ് ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന ലഹരിമരുന്നുകൾ വിൽക്കുന്നത്. ഒരുഗ്രാം എം.ഡി.എം.എ അയ്യായിരം മുതൽ ആറായിരം രൂപയും ഹാഷിഷ് ഓയിൽ 3 മില്ലിഗ്രാമിന് ആയിരം മുതൽ രണ്ടായിരം രൂപ വരെയുമാണ് ഈടാക്കിയിരുന്നത്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളും കൂടെയുണ്ട്.
കൊച്ചി പൊലീസ് കമ്മിഷണറേറ്റ് 'ലഹരി മുക്ത കൊച്ചി'ക്കായി നടപ്പാക്കിയ "യോദ്ധാവ് " എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ലഭിച്ച സന്ദേശമാണ് സംഘത്തെ കുടുക്കിയത്. ഐ.ജിയും പൊലീസ് കമ്മിഷണറുമായ നാഗരാജുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജ്, സെൻട്രൽ ഇൻസ്പെക്ടർ വിജയ് ശങ്കർ, ഡാൻസാഫ് എസ്.ഐ. ജോസഫ് സാജൻ, സെൻട്രൽ എസ്.ഐ. തോമസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.