messi

മെസിയും ബാഴ്സലോണയും തമ്മിലുള്ള കരാർ വിവരങ്ങൾ ചോർത്തി സ്പാനിഷ് പത്രം

പത്രത്തിനെതിരെ കേസുമായി ബാഴ്സലോണ

മാഡ്രിഡ്: ബാഴ്‌സലോണ ഫുട്ബാൾ ക്ളബും നായകൻ ലയണൽ മെസിയും തമ്മിലുള്ള കരാറിന്റെ പകർപ്പ് ചോർത്തി പ്രസിദ്ധീകരിച്ച് സ്‌പാനിഷ്‌ പത്രമായ എൽ മുണ്ടോ . ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള കരാറാണ് മെസിയുടേതെന്ന് എൽ മുണ്ടോ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം താരവും തങ്ങളും തമ്മിലുള്ള സ്വകാര്യകരാർ പ്രസിദ്ധീകരിച്ചതിനെതിരെ ബാഴ്സലോണ പത്രത്തിനെതിരെ കേസു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

2017 നവംബറിൽ ഒപ്പിട്ട്, ഈ വർഷം ജൂണോടെ അവസാനിക്കാനിരിക്കുന്ന കരാറിന്റെ വിവരങ്ങളാണ് എൽ മുണ്ടോ പുറത്തുവിട്ടത്. ഇതു പ്രകാരം മെസിക്ക് നാല് വർഷം കൊണ്ട് ബാഴ്‌സലോണ നൽകേണ്ടത് 555 മില്യൺ യൂറോയാണ്. അയ്യായിരം കോടി ഇന്ത്യൻ രൂപയോളം വരുമിത്. മറ്റൊരു ഫുട്ബാൾ താരത്തിനും ഇതുവരെ ഇത്രയും വലിയൊരു കരാർ ലഭിച്ചിട്ടില്ല.

30 പേജുള്ള മെസിയുടെ കോൺട്രാക്ട് പ്രകാരം ഒരു സീസണിൽ ബാഴ്‌സലോണ താരത്തിന് പ്രതിഫലമായി നൽകേണ്ടത് 138,000,000 യൂറോയാണ്. കരാർ പുതുക്കാൻ തയ്യാറായതിനുള്ള 115,225,000 യൂറോ സൈനിംഗ് ബോണസും ലോയൽറ്റി ബോണസായ 77,929,955 യൂറോയും ഇതിലുൾപ്പെടുന്നു. കരാർ അവസാനിക്കാൻ അഞ്ചുമാസം ബാക്കി നിൽക്കെ പ്രതിഫലമായി 511,540,545 യൂറോ മെസി കൈപ്പറ്റിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലെ സാമ്പത്തികാവസ്ഥയിൽ മെസിക്ക് പുതിയ കരാർ നൽകാൻ ബാഴ്‌സലോണക്ക് കഴിയുമോയെന്ന കാര്യം സംശയമാണ്. ജനുവരിയിൽ പുതിയ താരങ്ങളെ വാങ്ങാൻ പോലും പണമില്ലാത്ത ബാഴ്‌സലോണ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ആരാധകർക്ക് ആശങ്കയുണ്ട്. മെസിയെ റാഞ്ചാൻ യൂറോപ്യൻ ഫുട്ബാളിലെ പണച്ചാക്കുകളായ പി.എസ്‌.ജിയും മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ട്.

കഴിഞ്ഞ സീസണിനൊടുവിൽ മാനേജ്മെന്റിനോട് പിണങ്ങി ബാഴ്സ വിടാൻ മെസി ഒരുങ്ങിയെങ്കിലും അങ്ങനെ ചെയ്താൽ മെസി നൽകേണ്ട ഭീമമായ നഷ്ടപരിഹാരം ചൂണ്ടിക്കാട്ടിയാണ് ക്ളബ് തടുത്തത്.