തിരുവനന്തപുരം: ഭക്തർക്ക് ആറ്റുകാൽ ക്ഷേത്രവളപ്പിൽ പൊങ്കാലയ്ക്ക് സൗകര്യം ഒരുക്കാനുള്ള തീരുമാനം ക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയോഗം ഉപേക്ഷിച്ചു. പണ്ടാര അടുപ്പിൽ മാത്രമേ ഇത്തവണ പൊങ്കാല ഉണ്ടാകൂ. പൊങ്കാലയിടാൻ ആഗ്രഹിക്കുന്നവർ അവരവരുടെ വീടുകളിൽ ചെയ്യണമെന്ന് ട്രസ്റ്റ് നിർദേശിച്ചു. രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ക്ഷേത്രം ട്രസ്റ്റ് യോഗം ഇത് വേണ്ടെന്ന് വെച്ചത്. പൊങ്കാല ദിവസം ഭക്തർക്ക് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ദർശനം അനുവദിക്കുക. ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാൻ അനുവാദം നൽകിയാൽ അവസരം തേടി പലകോണുകളിൽ നിന്നും ശുപാർശയുണ്ടാകും. അതു നിറവേറ്റാൻ ബുദ്ധിമുട്ടായതിനാലാണ് തീരുമാനം മാറ്റിയത്.
മറ്റൊരു പ്രധാന ചടങ്ങായ കുത്തിയോട്ടത്തിനും നിയന്ത്രണമുണ്ടാകും.പണ്ടാര ഓട്ടം മാത്രമേ ഉണ്ടാകൂ. ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിന് വേണ്ടി മാത്രമാണ് പണ്ടാര ഓട്ടവും പണ്ടാര അടുപ്പിലെ പൊങ്കാലയും നടത്തുന്നത്. മറ്റു ചടങ്ങുകളെല്ലാം കൊവിഡ് മാനദണ്ഡം അനുസരിച്ചാകും നടത്തുകയെന്നും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലൻ നായർ പറഞ്ഞു.