sssssssssss
'അകലം'ആദ്യപാഠം... കൊവിഡ് ഭീതിയിൽ ഒൻപത് മാസങ്ങളായി അടച്ചിട്ടിരുന്ന സ്കൂളുകൾ അവസാന വർഷ വിദ്യാർത്ഥികൾക്കായി തുറന്ന് പ്രവർത്തിച്ചപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകൻ.മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഫോട്ടോ: അഭിജിത്ത് രവി

മലപ്പുറം: ഒന്ന് കെട്ടിപ്പിടിക്കണമെന്നുണ്ട്,​ ഒമ്പത് മാസമായി നേരിട്ട് കണ്ടിട്ട്. ഒരേ ബെഞ്ചിൽ തൊട്ടുരുമ്മി പഠിച്ചിരുന്ന കൂട്ടുകാരെ ഏറെ നാളുകൾക്ക് ശേഷം കണ്ടപ്പോൾ പലർക്കും സന്തോഷം അടക്കിവയ്ക്കാനായില്ല. എന്നാൽ കൊവിഡ് തൊട്ടരികെയുള്ളതിനാൽ സ്നേഹത്തിന്റെ അകലം പാലിക്കാൻ അവർ മറന്നില്ല. കൊവിഡ് തീർത്ത പ്രതിസന്ധിയിൽ നിലച്ച സ്‌കൂൾ ക്ലാസുകൾ ഇന്നലെ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങി. ജില്ലയിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളോട് കൂടിയാണ് സ്കൂളുകൾ തുറന്നു പഠനമാരംഭിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സ്‌കൂളുകൾ അടച്ചത്. പിന്നീട് ജൂണിൽ ആരംഭിക്കേണ്ടിയിരുന്ന പുതിയ അദ്ധ്യയനവർഷം ഓൺലൈൻ ക്ലാസുകളിലൂടെയായിരുന്നു തുടങ്ങിയത്. മൊബൈലുകളിലും കമ്പ്യൂട്ടറുകളിലുമായി ഒതുങ്ങിയ വിദ്യാഭ്യാസ രംഗമാണ് ഇതോടെ സജീവമാകുന്നത്. മാർച്ചിൽ പരീക്ഷ പ്രഖ്യാപിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ക്ലാസുകൾ തുടങ്ങിയത്.

ഇതിനോടകം തന്നെ ഡിസംബർ മുതൽ ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായാണ് തുറക്കാൻ പദ്ധതിയിടുന്നത്. ക്ലാസുകൾ പൂർണ്ണമായും സാനിറ്റൈസ് ചെയ്യുകയും കൃത്യമായ സാമൂഹിക അകലം പാലിച്ചുമാണ് നടക്കുന്നത്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സാ സൗകര്യവും ലഭ്യമാക്കിയാണ് വിദ്യാലയങ്ങൾ പുനരാരംഭിച്ചത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു രണ്ട് ഷിഫ്റ്റ്കളായും ക്ലാസുകൾ നടക്കുന്നുണ്ട്. മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10 മുതൽ 12.30 വരെ 100 വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് ശേഷം അടുത്ത 100 വിദ്യാർത്ഥികൾക്കും എന്ന കണക്കിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.

മുനിസിപ്പാലിറ്റി, പൊലീസ്,​ ഫയർഫോഴ്സ് തുടങ്ങി നിരവധി വകുപ്പുകളുടെ പിന്തുണയും ക്ലാസുകളുടെ സുരക്ഷയ്ക്ക് സഹായകരമായിട്ടുണ്ട്.

പ്രതീക്ഷയിൽ അവർ

കാലങ്ങൾക്ക് ശേഷം ക്ലാസ് മുറികളിൽ തിരിച്ചെത്തിയതിന്റെയും സുഹൃത്തുക്കളുമായി കൂടാൻ സാധിച്ചതിന്റെയും ആവേശത്തിലാണ് വിദ്യാർത്ഥികൾ. മുഴുവൻ ആളുകളും ഒരുമിച്ച് കൂടിയിട്ടില്ലെങ്കിലും ഏറെ വൈകാതെ അതും സാദ്ധ്യമാവുമെന്നാണ് അവരുടെ പ്രതീക്ഷ. ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തെക്കാൾ ക്ലാസ് മുറികളിലെ പഠനരീതിയോടാണ് താത്പര്യമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളിലെത്തിയ ആവേശത്തിലാണ് വിദ്യാർത്ഥികൾ. എല്ലാവിധ നടപടികളും സുരക്ഷാനിർദ്ദേശങ്ങളും പാലിച്ചാണ് മുന്നോട്ട് പോവുന്നത്

ജ്യോതിലക്ഷ്മി ,​ പ്രധാനാദ്ധ്യാപിക,​

മലപ്പുറം ഗവ. ഗേൾസ് എച്ച്.എസ്.എസ്