മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിന് പുതുവത്സരസമ്മാനമായി പീഡിയാട്രിക്‌സ്, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളില്‍ പി.ജി. കോഴ്‌സുകള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരം. അടിസ്ഥാന സൗകര്യങ്ങളുയര്‍ത്തി നിലവിലെ പരാധീനതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ പി.ജി. കോഴ്‌സുകളും ആരംഭിക്കുകയാണ്.
കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നതിനിടെയാണ് പുതുവര്‍ഷ സമ്മാനമായി പി.ജി. കോഴ്‌സുകള്‍ക്കുളള അംഗീകാരമെത്തുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അനുമതിയാകുന്നതോടെ വൈദ്യശാസ്ത്ര പഠനരംഗത്ത് സുപ്രധാന നാഴികക്കല്ലാവും മഞ്ചേരി മെഡിക്കല്‍ കോളേജ് പിന്നിടുക. ഓരോ വിഭാഗത്തിലും മൂന്ന് സീറ്റുകള്‍ വീതമാണ് മഞ്ചേരിയില്‍ അനുവദിക്കുക. ഇതോടെ പൂര്‍ണ്ണമായും റഫറല്‍ സംവിധാനത്തിലേക്ക് മെഡിക്കല്‍ കോളേജിനെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച നിലവാരമുള്ള ആധുനിക ചികിത്സ ഇതോടെ ലഭ്യമാകും. നിലവില്‍ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ താത്ക്കാലികമായി മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ നിര്‍ദ്ദേശിച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 103 കോടി രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. കൂടുതല്‍ സൗകര്യങ്ങളാകുന്നതോടെ പുതുവര്‍ഷത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നിവാസികള്‍.