ചങ്ങരംകുളം: മാസങ്ങൾക്ക് മുമ്പ് പന്താവൂരിൽ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.വട്ടംകുളം സ്വദേശികളായ മേനോപറമ്പിൽ എബിൻ (27), അധികാരിപ്പടി സുഭാഷ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതു സംബന്ധിച്ച് പൊലീസ് ശനിയാഴ്ച വിശദമായ പരിശോധന നടത്തും.
പന്താവൂർ സ്വദേശിയായ ഇർഷാദിനെയാണ് (25) 2020 ജൂൺ 11 ന് രാത്രി ഒമ്പതിന് ശേഷം വീട്ടിൽ നിന്ന് കാണാതായത്.രാത്രി എട്ടോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇർഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പൊലീസിന് പരാതി നൽകിയിരുന്നു.തുടർന്ന് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇർഷാദിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കും കളക്ടർ,മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു.