മലപ്പുറം: കൊവിഡ് വാക്സിൻ കുത്തിവയ്പ്പിന് ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളിലായി 2,128 കേന്ദ്രങ്ങളൊരുക്കും. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 17,000ത്തോളം പേർക്കാണ് വാക്സിൻ നൽകുക. സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ വർക്കർമാർ, ഐ.സി.ഡി.എസ് അംഗൻവാടി ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. കേന്ദ്ര സർക്കാരിന്റെ കൊവിൻ ( കൊവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്ക്) ആപ്പിൽ ഇവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 827 സ്ഥാപനങ്ങളിലെ ജീവനക്കാരുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഏതാനം ജീവനക്കാരുടെ രജിസ്ട്രേഷൻ കൂടി പൂർത്തിയാവാനുണ്ട്. ഇതു വേഗത്തിലാക്കാൻ ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ ഐ.എം.എ ഭാരവാഹികൾക്ക് നിർദ്ദേശമേകി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സ് ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. വാക്സിനേഷൻ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് 15 ബ്ലോക്ക് തലങ്ങളിൽ തുടരുന്ന ട്രെയിനിംഗ് വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. ജില്ലാതല ട്രെയ്നിംഗ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. വാക്സിനേഷൻ ഒരുവർഷത്തോളം നീണ്ടുനിൽക്കുന്ന പദ്ധതിയായി മുന്നിൽകണ്ടുള്ള തയ്യാറെടുപ്പുകളാണിപ്പോൾ പുരോഗമിക്കുന്നത്.
കൊവിഡ് വാക്സിനേഷന് കൂടുതൽ ജീവനക്കാരുടെ സേവനം ആവശ്യം വരുമെന്നതിനാൽ മറ്റ് പ്രതിരോധ കുത്തിവയ്പ്പുകൾ അടക്കമുള്ളവ മുടങ്ങാതിരിക്കാൻ ഹോമിയോ, ആയുർവേദ വകുപ്പുകളിലെ ജീവനക്കാരെ കൂടി ഉൾപ്പെടുത്തണമെന്ന് ജില്ലാ കളക്ടറോട് ഡി.എം.ഒ കെ. സക്കീന നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ അഞ്ച് ജീവനക്കാർ എന്ന നിലയിലാണ് സജ്ജമാക്കുന്നത്. കൊവിഡ് വാക്സിൻ മുഴുവൻ പേരും എടുക്കേണ്ടതിന്റെ പ്രാധാന്യവും പാർശ്വഫലങ്ങൾ സംബന്ധിച്ച സംശയങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും.
വാക്സിനേഷനെതിരെ വ്യാജ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും ജനങ്ങൾക്കിടയിലേക്ക് എത്താതിരിക്കാൻ ഡിസ്ട്രിക് മീഡിയ സെൽ രൂപവത്കരിച്ചേക്കും. ജില്ലാ പൊലീസ് മേധാവി, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ, ആരോഗ്യ വകുപ്പ് മാസ് മീഡിയ വിംഗ് തുടങ്ങിയവർ ഉൾപ്പെട്ട സമിതി സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾ തടയുന്നതിനും കുറ്റക്കാർക്കെതിരെ വേഗത്തിൽ നിയമ നടപടിയെടുക്കുന്നതിനും സഹായകമാവും. നിപ, കൊവിഡ് സമയങ്ങളിൽ ഇത്തരത്തിൽ സമിതി ഉണ്ടാക്കിയതിലൂടെ വ്യാജ പ്രചാരണങ്ങൾ തടയാനും ജനങ്ങളിലെ അനാവശ്യ ഭീതി ഇല്ലാതാക്കാനും കഴിഞ്ഞെന്ന വിലയിരുത്തലിലാണ് ജില്ലാ ആരോഗ്യ വകുപ്പ്. വാക്സിനേഷൻ തുടങ്ങുന്നതോടെ എല്ലാ ആഴ്ച്ചയിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.
വാക്സിനേഷന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം അതിവേഗത്തിൽ പൂർത്തീകരിക്കുന്നുണ്ട്. കൊവിഡ് വാക്സിൻ എന്ന് കിട്ടുമെന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.
ഡോ. കെ. സക്കീന, ജില്ലാ മെഡിക്കൽ ഓഫീസർ
ആദ്യഘട്ടത്തിൽ വാക്സിനേഷൻ ലഭിക്കുന്നവരുടെ രജിസ്ട്രേഷൻ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. 17,000ത്തിലധികം പേരുടെ വിവരങ്ങൾ കൊവിൻ ആപ്പിലേക്ക് നൽകി കഴിഞ്ഞു.
ഡോ.വി.പി രാജേഷ്, വാക്സിനേഷൻ ജില്ലാ നോഡൽ ഓഫീസർ