ചങ്ങരംകുളം : ഇലക്ട്രോണിക്ക് സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇർഷാദ് തിരിച്ചത്തുമെന്ന പ്രതീക്ഷയിലായിരുന്നു രണ്ട് സഹോദരിമാരും മാതാപിതാക്കളുമടങ്ങുന്ന കുടുംബം.എന്നാൽ ഇന്നലെ നാട് ഉണർന്നത് ഇർഷാദിന്റെ മരണ വാർത്ത അറിഞ്ഞാണ് . കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഇർഷാദ് ചെറുപ്രായത്തിൽ തന്നെ ഇലക്ടോണിക്ക് മെക്കാനിക്കായിരുന്നു. ആദ്യകാലത്ത് മൊബൈൽ കടയിൽ പിതാവിനെ സഹായിച്ചിരുന്ന ഇർഷാദ് കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. മൊബൈൽ , ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്ക് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് മൊത്തമായി വാങ്ങി ആവശ്യക്കാർക്ക് നൽകുന്ന കച്ചവടമാണ് ഒടുവിൽ ഇർഷാദ് നടത്തിയിരുന്നത്. ഇർഷാദിനെ കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോഴും മകൻ തിരിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം .
പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് കുടുംബം
ചങ്ങരംകുളം : മകനെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം ജൂൺ 12 ന് പിതാവ് ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് സീരിയസായി എടുത്തില്ലെന്ന് ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇർഷാദും കൃത്യം നടത്തിയ പ്രതികളും സുഹൃത്തുക്കളാണ്. ഇവരെ കൃത്യമായി ചോദ്യം ചെയ്താൽ വിവരം ലഭ്യമാകുമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് മെല്ലെപ്പോക്ക് സ്വീകരിച്ചതോടെയാണ് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമുൾപ്പടെയുള്ളവർക്ക് പരാതി നൽകിയത്. ഇതേ തുടർന്നാണ് അന്വേഷണം ഊർജ്ജിതമായത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇർഷാദിൽ നിന്ന് പണം തട്ടിയതെന്ന പ്രതികളുടെ വാദം കുടുംബം തള്ളുന്നു. കുറഞ്ഞ വിലക്ക് ഇലക്ട്രോണിക്ക് സാധനങ്ങൾ നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ ഇർഷാദിൽ നിന്ന് പണം തട്ടിയതെന്നാണ് കുടുംബത്തിന്റെ വാദം.
ആകാംക്ഷയിൽ ജനക്കൂട്ടവും പൊലീസും
എടപ്പാൾ :എടപ്പാൾ പൂക്കരത്തറയിലെ ആളൊഴിഞ്ഞ കിണറ്റിനു സമീപത്തേക്ക് ആളുകൾ കൂട്ടമായി വന്നുകൊണ്ടിരുന്നു. കാണാതായ ഇർഷാദിന്റെ ജഡം പുറത്തെടുക്കാൻ പൊലീസ് എത്തുന്നെന്ന വാർത്തയെ തുടർന്നായിരുന്നു ആൾക്കൂട്ടം. പൊലീസിനും ഫയർഫോഴ്സിനും ഒപ്പം സഹായ ഹസ്തമായി ജനപ്രതിനിധികളും മുൻനിരയിൽ നിന്നു. ദുർഗന്ധം നിറഞ്ഞ കിണറ്റിലേക്ക് ഒരാൾ ഇറങ്ങി. പതുക്കെ മാലിന്യങ്ങൾ മാറ്റാനായി കൂടുതൽ പേരിറങ്ങി. മാലിന്യങ്ങൾ നീക്കിയിട്ടും മൃതദേഹം കിട്ടാഞ്ഞത് പൊലീസിനൊപ്പം ആൾക്കൂട്ടത്തിന്റെയും ആകാംക്ഷ വർദ്ധിപ്പിച്ചു. ഒടുവിൽ വൈകിട്ട് തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ് മടങ്ങി. ഇന്നും തെരച്ചിൽ തുടരും
മാലിന്യം തള്ളുന്നതിൽ പ്രതികൾക്കും പങ്കോ
എടപ്പാൾ: നാടിനെ നടുക്കിയ കാളാച്ചാൽ പന്താവൂർ സ്വദേശി ഇർഷാദിന്റെ കൊലപാതകം ജനം തിരിച്ചറിയാതിരിയ്ക്കാൻ പ്രതികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നു . മാലിന്യം കൂടുതൽ കിണറ്റിൽ നിറയ്ക്കാനായി പ്രതികൾ ബോധപൂർവ്വം ശ്രമിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തെന്ന സംശയമാണ് പൊലീസിനുള്ളത്.