nilambur

വന്യമൃഗങ്ങളെ പേടിച്ച് മലപ്പുറത്തിന്റെ മലയോര മേഖലയുടെ സ്വൈര്യജീവിതം തകർന്നിരിക്കുകയാണ്. നേരത്തെ കാടിനോട് ചേർന്ന ഭാഗങ്ങളിലായിരുന്നു കാട്ടാനകളുടെ പരാക്രമമെങ്കിൽ ഇപ്പോൾ നിലമ്പൂർ മേഖലയിലെ വിവിധ പട്ടണങ്ങളിലടക്കം ആനകൾ എത്തിത്തുടങ്ങി. കൃഷി വ്യാപകമായി നശിപ്പിച്ചിരുന്ന ആനകൾ വീടുകൾക്ക് നേരെയും തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കാടിന്റെ തുടിപ്പറിഞ്ഞ് ജീവിക്കുന്ന ആദിവാസികൾ മാത്രമാണ് ആനകളെ വലിയതോതിൽ പേടിക്കാതെ ജീവിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ പത്ത് ദിവസത്തിലധികമായി ആദിവാസികളുടെ ഉറക്കവും നഷ്ടപ്പെട്ടിട്ടുണ്ട്. കാരണം ശങ്കറെന്ന് വിളിപ്പേരുള്ള ഒറ്റക്കൊമ്പൻ. ഒരാഴ്ച്ചയ്‌ക്കിടെ നാലുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ ഇവൻ ചില്ലറക്കാരനല്ലെന്നതിനാൽ കോളനികൾ വിട്ടൊഴിഞ്ഞ് പോവേണ്ട ഗതികേടിലാണ് ആദിവാസികൾ. മനുഷ്യഗന്ധം പിന്തുടർന്നെത്തി ആക്രമിക്കുന്ന രീതിയാണ് ശങ്കറിന്റേത്. സാധാരണ ആനകൾ മനുഷ്യനെ പിന്തുടർന്ന് ഓടിക്കുന്ന ദൂരത്തിന്റെ അഞ്ചിരട്ടി വരെ ഇവൻ പിന്തുടരുമെന്നതും, മദപ്പാടിൽ ആണെന്നുമുള്ള വനംവകുപ്പിന്റെ മുന്നറിയിപ്പും പേടി വർദ്ധിപ്പിക്കുന്നു.

ഒരുമാസം, നഷ്ടമായത് അഞ്ച് ജീവൻ

തമിഴ്നാട്ടിലെ പന്തല്ലൂരിൽ നിരവധിപ്പേരെ കൊലപ്പെടുത്തിയ സ്ഥിരം അക്രമകാരിയായ ആനയാണിത്. രണ്ടാഴ്ച്ച മുമ്പാണ് തമിഴ്നാട്ടിലെ ആനപ്പള്ളത്ത് വീടിന് സമീപത്ത് രണ്ടുപേരെ ശങ്കർ ചവിട്ടിക്കൊന്നത്. ഒരുമാസത്തിനിടെ പന്തല്ലൂർ താലൂക്കിൽ നാലുപേരെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതടക്കം അഞ്ചുപേരെ അടുത്തകാലത്ത് കൊന്നിട്ടുണ്ട്. ആനയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂർ വൈത്തിരി കോഴിക്കോട് പാത ഉപരോധിക്കുകയും പന്തല്ലൂർ താലൂക്കിൽ ഹർത്താലാചരിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധങ്ങളുമായി നാട്ടുകാർ രംഗത്തുവന്നതോടെ ആനയെ മയക്കുവെടി വെച്ച് പിടികൂടി മുതുമല ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ തമിഴ്നാട് വനംവകുപ്പ് അധികൃതർ തീരുമാനിച്ചിരുന്നു.

മയക്കുവെടി സംഘവും നാല് താപ്പാനകളും 40 ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും കാട്ടുകൊമ്പൻ ചേരമ്പാടി ഗ്ളൈൻ റോക്ക് വഴി നിലമ്പൂർ റേഞ്ചിലെ മുണ്ടേരി വനത്തിലേക്ക് കടക്കുകയായിരുന്നു. ഉള്ളനത്തിലെ വാണിയംപുഴ, തരിപ്പപ്പൊട്ടി ഭാഗത്താണ് കൊലകൊമ്പൻ എത്തിയതായി സ്ഥിരീകരിച്ചത്. തുടർന്ന് നീലഗിരി ഡി.എഫ്.ഒ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒയുടെ സഹായം തേടുകയും നിലമ്പൂരിൽ സംയുക്ത സംഘം തിരിച്ചിലിനും എത്തിയിരുന്നു. എന്നാൽ ആനയെ ഇപ്പോൾ കണ്ടുവരുന്ന സ്ഥലം നിബിഡവനമായതിനാൽ ഇവിടെ വെച്ച് മയക്കുവെടിവയ്‌ക്കൽ സാദ്ധ്യമല്ലെന്നറിയിച്ച് ഇവർ മടങ്ങി.

പേടിസ്വപ്നമായി കൊലകൊമ്പൻ

കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവിഭവങ്ങളും മറ്റും ശേഖരിക്കാൻ പോയ ആദിവാസികളിൽ ചിലർ കാട്ടിനകത്ത് വെച്ച് കൊലയാളി ആനയെ കണ്ടിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കുമ്പളപ്പാറ കോളനിയിൽ ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് ആന തകർത്തു. പ്രളയത്തിൽ വീട് തകർന്നതിനാൽ താമസിക്കാനുണ്ടാക്കിയ ഷെഡായിരുന്നു. അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും തിന്ന ശേഷം മറ്റ് വീടുകളും ആക്രമിക്കാനുള്ള ശ്രമത്തിലായിരുന്നു ആന. കോളനിക്കാർ തീകൂട്ടി ബഹളം വെച്ചതോടെയാണ് പിന്തിരിഞ്ഞത്. കുമ്പളപ്പാറ മേഖലയിൽ 15 ആദിവാസി കുടുംബങ്ങളാണുള്ളത്.

നിബിഡ വനമേഖലയിൽ ആനയെ പിടികൂടുക എളുപ്പമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. ആനയുണ്ടെന്ന് കരുതുന്ന മേഖലയ്ക്ക് എട്ടു കിലോമീറ്റർ അകലെയാണ് റോഡ്. രണ്ട് തവണ പുഴ കടന്ന് പോവണം. നിബിഢ വനമാണെന്നതിനാൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ സാധിക്കില്ല. തുറസായ സ്ഥലത്ത് വെച്ച് മാത്രമേ ഡ്രോൺ കാമറ വഴി ആനയെ തിരിച്ചറിയാനാവൂ. തമിഴ്നാട്ടിൽ വെച്ച് മയക്കുവെടിയേറ്റിട്ടും കാട്ടിലേക്ക് കടന്നുകളയുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. മദപ്പാടുള്ള ആനയെ പിന്തുടരുക എന്നതും എളുപ്പല്ല. ജാഗ്രത പാലിക്കാൻ കോളനിക്കാർക്ക് വനംവകുപ്പ് നിർദേശം നല്‌കി. കഴിഞ്ഞ ദിവസം കരുളായി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചിരുന്നു. രാത്രി പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് ആനയുടെ ആക്രമണത്തിനിരയായത്. തുമ്പിക്കെ കൊണ്ട് മുഖത്തിന്റെ വലതുഭാഗത്തേറ്റ അടിയിൽ ചോര കല്ലിച്ച് കിടക്കുന്നുണ്ട്. പുഴയിൽ മീൻപിടിക്കാൻ പോയവർ ആനയുടെ ചിന്നം വിളിയും കേട്ടിരുന്നു. ആനയുടെ ആക്രമണത്തിലല്ല ഈ ജീവൻ പൊലിഞ്ഞതെങ്കിലും മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വന്യമൃഗശല്യം പരിഹരിക്കാൻ നടപടി വേണമെന്ന, കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിൽ ഇതുവരെ നടപടികളായിട്ടില്ല.