krishi
മുല്ലമാട് മേഖലയിൽ കോൾകൃഷിക്ക് തുടക്കമായപ്പോൾ

കുറ്റിപ്പുറം: ജില്ലയിലെ തരിശായി കിടന്ന കൂടുതൽ കോൾ നിലങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നു. തരിശായി കിടന്നിരുന്ന 300 ഏക്കറോളം വരുന്ന മുല്ലമാട് മേഖലയിലും ഇത്തവണ പൂർണ്ണമായും കൃഷി ഇറക്കുന്നുണ്ട്. ഈ കോൾ നിലയത്തിന്റെ 70 ശതമാനം മാറഞ്ചേരി പഞ്ചായത്തിലും 30 ശതമാനം എടപ്പാളിലുമായാണ് വ്യാപിച്ചു കിടക്കുന്നത്. പതിനാറു വർഷത്തോളം കൃഷി ചെയ്യാതെ കിടന്നിരുന്ന മുല്ലമാട് പാഠശേഖരത്തിൽ കഴിഞ്ഞ വർഷം ചിലയിടങ്ങളിൽ ചെയ്തിരുന്ന കൃഷി ഇത്തവണ വ്യാപിപ്പിക്കുകയായിരുന്നു. ജില്ലയിൽ 1,500 ഹെക്ടറോളം പ്രദേശത്താണ് കോൾ കൃഷി നടക്കുന്നത്. സാധാരണ ഡിസംബർ,​ ജനുവരി മാസങ്ങളിലാണ് കോൾ നിലയങ്ങളിൽ കൃഷിയിറക്കാറുള്ളത്. ജില്ലയിൽ ഈ സീസണിലെ കോൾ കൃഷിക്ക് തുടക്കമായിട്ടുണ്ട്.കോൾനിലങ്ങളിലെ വെള്ളം കുറയുകയും ശേഷിക്കുന്ന വെള്ളം പമ്പ്‌ചെയ്തു കായലുകളിലേക്ക് ഒഴുക്കിയുമാണ് കൃഷി നിലയം ഒരുക്കുന്നത്. പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലാണ് ജില്ലയിൽ കോൾ കൃഷി കൂടുതലും. പൊന്നാനി ബ്ലോക്കിലെ എടപ്പാൾ പഞ്ചായത്തിലും പെരുമ്പടപ്പ് ബ്ലോക്കിലെ ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തിലുകളിലും കോൾ കൃഷി വിപുലമായി നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും വലുത് എടപ്പാൾ പഞ്ചായത്തിലെ കോലോത്തുംപാടം പാടശേഖരമാണ്. ഉമ, മനുരത്ന തുടങ്ങിയ നെല്ലിങ്ങളാണ് കോൾ മേഖലയിലെ വിത്തിനങ്ങൾ. ഇതിൽ ഉമയുടെ മൂപ്പെത്താൻ 135 ദിവസത്തോളം വേണം. മനുരത്നയ്ക്ക് ഇതിനേക്കാൾ കുറച്ചുമതി. കൂടുതലായി ഉപയോഗിക്കുന്നത് ഉമ വിത്തിനമാണ്
ഏപ്രിൽ, മെയ് മാസങ്ങളിലായാണ് കോൾ മേഖലയിലെ കൊയ്ത്തുകാലം. മഴ കൂടുന്തോറും സാധാരണ കോൾ മേഖലയിലെ കൃഷിയും നീളും. അളവിൽ കൂടുതൽ വെള്ളം പമ്പ്‌ ചെയ്തു കായലിലേക്ക് മാറ്റുമ്പോഴും ബണ്ട് കയറി വെള്ളം കൃഷിയിടത്തിലേക്ക് വന്നാൽ അതും കൃഷിയെ ബാധിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇത്തവണ തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് പാടമൊരുക്കാൻ കൂടുതലായി ഉള്ളത്. നാട്ടിൽ പോയ ഉത്തരേന്ത്യൻ തൊഴിലാളികൾ തിരികെ വരാൻ കാലതാമസം എടുക്കുന്നതിനാലാണിത്.

മുല്ലമാടിൽ കഴിഞ്ഞ തവണ ചെറിയ രീതിയിൽ കൃഷി നടത്തിയിരുന്നത്. മികച്ച വിളവ് ലഭിച്ചതോടെയാണ് ഇത്തവണ മുഴുവൻ ഭാഗത്തും കൃഷിയിറക്കാൻ തീരുമാനിച്ചതെന്ന് പാടശേഖര സമിതി സെക്രട്ടറി മുബിൻ പറഞ്ഞു. ജില്ലയിലെ കോൾ മേഖല ഓരോ വർഷവും കൂടുതൽ തരിശുഭൂമികൾ കൃഷിയിടമായി മാറ്റുവാൻ സാധിക്കുന്നുണ്ടെന്ന് എടപ്പാൾ കൃഷി ഓഫീസർ എം. വിനയൻ പറഞ്ഞു.