malappuram
മുജീബ് കാടേരി

മലപ്പുറം: യുവത്വത്തിന്റെ പ്രസരിപ്പുമായാണ് മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി മുസ്‌ലിം ലീഗിലെ മുജീബ് കാടേരിയെത്തിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ മുജീബ് കാടേരി മികച്ച പ്രഭാഷകനും സംഘാടകനുമെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തെ ആധുനിക നഗരമാക്കുകയാണ് ലക്ഷ്യം. വികസന കാഴ്ച്ചപ്പാടുകൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

നഗരം അടിമുടി മാറ്റും

മലപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് രാജ്യത്തെ തന്നെ പ്രമുഖരായവരെ കൂടി ഉൾപ്പെടുത്തി രണ്ടാഴ്ച്ചക്കകം ഉന്നതതല കൺസ‍ൾട്ടേറ്റീവ് യോഗം വിളിക്കും. മലപ്പുറത്ത് നടപ്പാക്കാനാവുന്ന ആധുനിക നഗര വികസന മാതൃകകൾ ചർച്ച ചെയ്യും. നഗരസഭയ്ക്ക് കീഴിലുള്ള കണ്ണായ സ്ഥലങ്ങളിലെ പഴയ കെട്ടിടങ്ങൾ ആധുനികവത്ക്കരിക്കും. കോട്ടപ്പടി സാധു ബിൽഡിംഗ്,​ ലൈബ്രറി ബിൽഡിംഗ്,​ പൊളിച്ച മാർക്കറ്റ്,​ സ്റ്റേഡിയം കോംപ്ലക്സ്,​ കുന്നുമ്മൽ മാർക്കറ്റ് എന്നിങ്ങനെ നഗരത്തിലെ അഞ്ചിലധികം പ്രധാന കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റിക്ക് കെട്ടിടങ്ങളുണ്ട്. ഇവിടങ്ങളിൽ മൾട്ടി പർപ്പസ് കോംപ്ലക്സ് പോലുള്ളവ വന്നാൽ നഗരത്തിന്റെ മുഖച്ഛായ വലിയ രീതിയിൽ മാറ്റാനാവും. നഗരസഭയുടെ വരുമാനവും വർദ്ധിക്കും. യുവാക്കൾക്ക് ജോലി സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന് സ്റ്റാർട്ട് അപ്പുകൾ സ്ഥാപിക്കും.

ഗാർഡൻ സിറ്റി ഓഫ് കേരള

ബാംഗ്ലൂർ രാജ്യത്തിന്റെ ഗാർഡൻ സിറ്റിയെങ്കിൽ കേരളത്തിന്റേത് മലപ്പുറമാക്കി മാറ്റുകയാണ് ലക്ഷ്യം. മികച്ച ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റുകളുടെ സഹായത്തോടെ നഗര സൗന്ദര്യവത്ക്കരണത്തിന് എന്തെല്ലാം ചെയ്യാനാവുമെന്ന് പരിശോധിക്കും. കൽപ്പറ്റ കഴിഞ്ഞാൻ പ്രകൃതി മനോഹാരിത നിറഞ്ഞ ജില്ലാ ആസ്ഥാനമാണ് മലപ്പുറം. യുറോപ്യൻ രാജ്യങ്ങളിലെ അപ്പ്ടൗൺ,​ ടൗൺടൗൺ മാതൃകയിൽ മലപ്പുറം നഗരത്തിലെ രണ്ട് ഭാഗങ്ങളെയും സൗന്ദര്യവത്ക്കരണത്തിലൂടെ ബന്ധപ്പെടുത്തും. കുന്നുമ്മൽ മുതൽ കോട്ടപ്പടി വരെ ടൂറിസം സർക്ക്യൂട്ട് ഉണ്ടാക്കും. കോട്ടക്കുന്നിൽ എത്തുന്നവർക്ക് നഗരത്തിനകത്ത് തന്നെ സന്ദർശിക്കാൻ പറ്റുന്ന ഒന്നിലധികം കേന്ദ്രങ്ങളുണ്ടാക്കും.

ഓപ്പൺ ജിമ്മുകൾ കൊണ്ടുവരും

യുവാക്കൾക്കിടയിലും ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സംരക്ഷണത്തിന് നഗരത്തിലെ പരമാവധി ഇടങ്ങളിൽ ഓപ്പൺ ജിമ്മുകൾ തുടങ്ങും. നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ അവരുടെ സ്ഥലങ്ങളിലും ജിം തുടങ്ങും. കളിക്കാൻ ഗ്രൗണ്ടുകളും മറ്റും കുറയുന്ന നഗര സാഹചര്യത്തിൽ ഇത്തരം ജിമ്മുകൾ ആരോഗ്യ സംരക്ഷണത്തിന് തുണയാകും.

ഉടനടി നടപടി

കോട്ടപ്പടി സ്റ്റേഡിയം തുറന്നുകൊടുക്കാനുള്ള നടപടികൾ അടിയന്തിരമായി കൈകൊള്ളും. നഗരത്തിന്റെ കണ്ണായ സ്ഥലമാണിത്. സ്പോർട്സ് കൗൺസിലുമായി ചർച്ച ചെയ്തു സാധാരണക്കാർക്കും സ്റ്റേഡിയം തുറന്നു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കും. തിങ്കളാഴ്ച ഇതു സംബന്ധിച്ച യോഗം ചേരാമെന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ചയോടെ സ്റ്റേഡിയം തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ്.