മലപ്പുറം: ജില്ലയിൽ ഇന്നലെ രണ്ട് ആരോഗ്യ പ്രവർത്തകരുൾപ്പടെ 522 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരിൽ 503 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 11പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധ. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്‌പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാല്‌പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരുമാണ്. അതേസമയം 696 പേരാണ് ജില്ലയിൽ ഇന്നലെ രോഗ വിമുക്തരായത്. ഇവരുൾപ്പെടെ 87,159പേരാണ് ഇതുവരെ രോഗമുക്തരായത്.
ജില്ലയിൽ 65,387പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 4,954പേർ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 405 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 179 പേരും 181 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെയായി ജില്ലയിൽ 487 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.