edappal
ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്ത കിണർ

എടപ്പാൾ: ആറുമാസം മുമ്പ് കൊലപ്പെടുത്തി കിണറ്റിൽ ഉപേക്ഷിച്ച് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് നീണ്ട തിരച്ചിലിനൊടുവിൽ. എടപ്പാൾ പന്താവൂർ സ്വദേശിയായ കിഴക്കെ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദിന്റെ (24) മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ എട്ടരയ്ക്കാരംഭിച്ച തെരച്ചിലിൽ വൈകിട്ട് അഞ്ചിന് നിർത്തിവെച്ചു. തുടർന്ന് ഞായറാഴ്ച്ച രാവിലെ തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചരയ്ക്കാണ് അവസാനിച്ചത്. 12 കോൽ താഴ്ച്ചയുള്ള കിണറ്റിൽ അഞ്ച് മീറ്ററോളം ആഴത്തിൽ മാലിന്യം നിറഞ്ഞിരുന്നു. ഈ മാലിന്യങ്ങൾ മാറ്റി മൃതദേഹം കണ്ടെത്തുക ഏറെ വെല്ലുവിളിയായി.

തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘവും തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിനിലെ ഡോ.ശ്രുതി, ഡോ.ഗിരീഷ്, സയിന്റിഫിക്ക് ഓഫീസർ ഡോ. ത്വയ്ബ, വിരലടയാള വിദഗ്ദ റുബീന തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും ഞായറാഴ്ച്ച രാവിലെ മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ ജൂൺ 11ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളായ വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ്, മേനോൻപറമ്പിൽ എബിൻ എന്നിവർ ഇവർ താമസിച്ചിരുന്ന വട്ടംകുളത്തുള്ള വാടക കോട്ടേഴ്സിലേക്ക് പഞ്ചലോഹ വിഗ്രഹം നൽകാനെന്ന് വ്യാജേന ഇർഷാദിനെ വിളിച്ച് വിളിച്ച് വരുത്തി കൈകാലുകൾ ബന്ധിപ്പിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ചാക്കിലാക്കി ജൂൺ 12 ന് പുലർച്ചെ രണ്ട് മണിയോടെ പൂക്കരത്തറയിലുള്ള മാലിന്യം നിറഞ്ഞ കിണറ്റിൽ തള്ളി.

പ്രതികളെ നാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ശനിയാഴ്ച വൈകിട്ടോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. കൊവിഡ് പരിശോധനകളുടെ ഭാഗമായി ഇവരുടെ സാംപിൾ ശേഖരിച്ച് മഞ്ചേരിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലഭിക്കുന്നതോടെ നാളെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് കൊലപാതകം നടത്തിയ വട്ടംകുളത്തെ ലോഡ്ജിലും, തെളിവുകൾ ഉപേക്ഷിച്ചതായി കരുതുന്ന കോഴിക്കോട് ഉൾപ്പടെയുള്ള സ്ഥലങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോവും.