മലപ്പുറം: പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ദേശീയ, സംസ്ഥാന അവാർഡുകളുടെ കരുത്തുമായാണ് എം.കെ.റഫീഖ ജില്ലാ പഞ്ചായത്തിന്റെ അമരത്തെത്തിയത്. പൊതുപ്രവർത്തന രംഗത്തെ ദീർഘകാലത്തെ പ്രവർത്തന പരിചയമാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടത്തിന്റെ കൈമുതൽ. ജില്ലയുടെ വികസന കാഴ്ച്ചപ്പാടുകൾ വ്യക്തമാക്കുകയാണ് ഇരുവരും.
എം.കെ. റഫീഖ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ലക്ഷ്യം സർക്കാർ ജോലി
കഴിഞ്ഞ നാല് ഭരണസമിതികൾ വിജയഭേരിക്ക് പ്രാധാന്യമേകിയപ്പോൾ പത്തിലും പ്ലസ്ടുവിലും വലിയ മുന്നേറ്റമുണ്ടായി. മെഡിസിനിലും എൻജിനീയറിംഗിലും ജില്ലയിലെ മിടുക്കരുടെ വ്യക്തമായ സാന്നിദ്ധ്യമുണ്ട്. എന്നാൽ സർക്കാർ ഉദ്യോഗം കിട്ടുന്നവരുടെ എണ്ണം നോക്കിയാൽ മലപ്പുറം വളരെ പിന്നിലാണ്. യുവതലമുറയെ മത്സര പരീക്ഷകൾക്ക് കൂടുതൽ സജ്ജമാക്കുകയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ വിപുലപ്പെടുത്താൻ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പ്രത്യേക സോഫ്റ്റുവെയർ തയ്യാറാക്കും. എല്ലാ വിദ്യാലയങ്ങളിലും കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യങ്ങളൊരുക്കും
കൃഷി തിരിച്ചുപിടിക്കും
കാർഷിക മേഖലയിലെ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ഒരു മലപ്പുറം മോഡൽ പദ്ധതി ആവിഷ്ക്കരിക്കും. പഴയകാലത്തെ മലപ്പുറത്തിന്റെ കാർഷിക അഭിവൃദ്ധി തിരിച്ചുപിടിക്കും. നിലവിലെ സാഹചര്യത്തിൽ കാർഷിക മേഖലയുടെ ഉണർവിന് ഏറെ പ്രാധാന്യമുണ്ട്.
രോഗ നിർണ്ണയം പ്രധാനം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാൻസർ, വൃക്ക രോഗികളുള്ളത് മലപ്പുറത്താണ്. രോഗം നേരത്തെ കണ്ടെത്താൻ പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രോഗനിർണ്ണയത്തിന് സൗകര്യമൊരുക്കും. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനും രോഗം ഗുരുതരമാവാതിരിക്കാനും ഇതുപകരിക്കും. നിർധന രോഗികൾക്ക് പി.എച്ച്.സി മുഖാന്തിരം മരുന്നുകൾ ലഭ്യമാക്കും. സർക്കാർ കൊണ്ടുവന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മൂലം കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ കഴിയുന്നില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ പദ്ധതി നടപ്പാക്കാൻ സഹായകമാവുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും. ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് മൂന്ന് ജില്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരും. അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുന്ന പദ്ധതികളാവിഷ്കരിക്കും.
വരുമാനം ഉറപ്പാക്കും
കൊവിഡിൽ സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി കുടുംബങ്ങൾ വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ട്. വീടുകളിലെ സ്ത്രീകൾക്ക് വലിയ കഴിവുകളുണ്ടെന്ന് കൂടി കൊവിഡ് കാലം തെളിയിച്ചിട്ടുണ്ട്. ഇവരുണ്ടാക്കുന്ന ഉത്പന്നങ്ങൾ കുടുംബശ്രീ വഴി വിപണനം ചെയ്യാനുള്ള സാദ്ധ്യതകൾ തേടും. തിരിച്ചുപോവാൻ കഴിയാത്ത പ്രവാസികളുടെ പുനരധിവാസത്തിനായി പ്രവാസികളുമായി കൂടിയാലോചിച്ച് പ്രത്യേക പദ്ധതി നടപ്പാക്കും.
ഇസ്‌മായിൽ മൂത്തേടം വൈസ് പ്രസിഡന്റ്
ജനസമ്പർക്കം നടത്തും
വയനാട്, പാലക്കാട്, ഇടുക്കി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോത്രവർഗ്ഗക്കാർ താമസിക്കുന്നത് മലപ്പുറത്താണ്. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. ആദിവാസികൾ ശേഖരിക്കുന്ന വിഭവങ്ങൾ ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി നേരിട്ട് ജനങ്ങളിലേക്കെത്തിക്കും. എസ്.സി കോളനികളിലും ജില്ലാ പഞ്ചായത്ത് ഭരണ സമിതി ജനസമ്പർക്ക പരിപാടി നടത്തി പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണും.
ജലഗതാഗതത്തിന് പ്രാധാന്യമേകും
റോഡുകളിലെ തിരക്ക് കുറയ്ക്കാൻ ജല ഗതാഗത മാർഗ്ഗങ്ങൾ തേടും. എടവണ്ണയിൽ നിന്ന് കവണക്കല്ലിലേക്ക് ബോട്ട് സർവീസ് തുടങ്ങിയാൽ പത്ത് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവും. ഗ്രാമീണ റോഡുകൾ ലോകോത്തര നിലവാരത്തിലേക്ക് മാറ്റും. ഒരുവർഷം കൂടുതൽ റോഡുകൾ നിർമ്മിക്കുക എന്നതിന് പകരം എണ്ണപ്പെട്ട റോഡുകൾ മികച്ച നിലവാരത്തിൽ ഉണ്ടാക്കും.