anil-panachooran

അറബിക്കഥയുടെ ഗാനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന സമയത്ത്, പനച്ചൂരാൻ കവിതകൾ നിറുത്താതെ പെയ്ത ഒരു രാത്രിയിൽ ലാൽ ജോസിനും തിരക്കഥാകൃത്ത് സിന്ധുരാജിനുമൊപ്പം ഞാനുമുണ്ടായിരുന്നു.
മൂർച്ചയും മുനയും ആഴവും സൗന്ദര്യവും മയവുമുള്ള, വാൾത്തലപ്പു പോലെയുള്ള വാക്കുകളുടെ മിന്നലാട്ടം കണ്ട് ആദരവോടെ പകച്ചിരുന്നു പോയി അന്ന്.
പക്ഷേ സിനിമാപ്പാട്ടുകൾക്ക് ഇത്ര കവിത വേണ്ടെന്ന ഒരു തോന്നൽ തുടക്കത്തിൽ അനിലിനുണ്ടായിരുന്നു. പിറ്റേന്ന് ഒറ്റയ്‌ക്ക് ഒത്തുകിട്ടിയപ്പോൾ ഞാനദ്ദേഹത്തോട് പറഞ്ഞു....

"നിങ്ങളുടെ കവിതയിലെ കനവും ആഴവുമുള്ള വരികൾ തന്നെയാണ് ഞങ്ങൾക്കും വേണ്ടത്. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഒന്നും ലഘൂകരിക്കേണ്ടതില്ല..."
നിലാവുപോലെ സൗമ്യനായ ബിജിബാലും ഉരുകിത്തിളയ്‌ക്കുന്ന വെയിലു പോലെ പനച്ചൂരാനും. പക്ഷെ അത് അപൂർവമായ ഒരു കോമ്പിനേഷനായി മാറി. ലാൽജോസിന്റെ ഉള്ളിലും അടക്കിപ്പിടിച്ച ഒരു അരാജകവാദി ഉണ്ടായിരുന്നതിനാൽ സ്‌നേഹാധിക്യത്തിന്റെ മെരുക്കലുകളാൽ, അപൂർവ സുന്ദരമായ മൂന്ന് ഗാനങ്ങൾ അറബിക്കഥയുടെ പ്രമേയത്തിന് കരുത്തായി അന്ന് രൂപപ്പെട്ടു...
ചോരവീണ മണ്ണിലെ പൂമരവും താരകമലരുകളിൽ വിരിഞ്ഞ പൊന്നരിവാളും, നാടിന്റെ നെഞ്ചിലേക്ക് കൊളുത്തി വലിച്ച ' തിരികെയും ' മലയാളം ഏറ്റെടുത്തു.

പിന്നീട് വിക്രമാദിത്യനു വേണ്ടി ആദിത്യനും അച്ഛനും തമ്മിലുള്ള ബന്ധം വിഷയമായ ഗാനത്തിന്, അനിൽ ഇങ്ങനെ എഴുതി,
' 'ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച് ഒളിച്ചു കളിക്കുന്നിവനാരോ ' 'സ്‌നേഹമൊളിപ്പിച്ച നെഞ്ചുള്ള കള്ളനായ അച്ഛനെ വരച്ചുകാട്ടാൻ ഈ രണ്ടുവരി മാത്രം പോരെ !
ആരോഗ്യം ശ്രദ്ധിക്കാത്തതിനെ ചൊല്ലി ഞാൻ വഴക്കു പറയാറുണ്ടായിരുന്നു. ഡിസംബർ വരെ ഞങ്ങൾ സമ്പർക്കമുണ്ടായിരുന്നു.
മലയാളത്തിന് നഷ്ടപ്പെട്ടത് എത്ര വലിയ പ്രതിഭയെ ആണെന്നറിയാൻ അദ്ദേഹത്തിന്റെ ചൊൽക്കവിതകളിലേക്ക്, നിശബ്ദമായി ഒന്നു കാതു കൊടുത്താൽ മാത്രം മതിയാവും.
പ്രിയ സഹോദരൻ ബാക്കിയാക്കിയ ചുവന്ന പൂമരങ്ങൾക്ക് പ്രണാമം !