മലപ്പുറം: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ് (എസ്.യു.എഫ്.സി) ക്ലബ്ബുൾപ്പെടുന്ന യൂണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി (കെ.യു.എഫ്.സി) കളിക്കളത്തിലേക്ക്. ടീമിന്റെ പരിശീലനം ജനുവരി ഏഴിന് എടവണ്ണ സീതിഹാജി ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം അർജുൻ ജയരാജാണ് ക്യാപ്റ്റൻ. മിസോറാം താരങ്ങളായ ലാൽതാൻകുമ, ഇസാഖ് വാൻലാൽപേക, ചത്തീസ്ഗഡിലെ സുരേഷ്‌കുമാർ, വിദേശതാരമായ ഖാനയിലെ സ്റ്റീഫൻ അബീകു, ബ്ലാസ്‌റ്റേഴ്സ് താരം ഋഷിദത്, മുൻ ഹൈദരാബാദ് എഫ്.സി താരം ഫഹീം അലി, മുഹമ്മദ് ഷഫീർ, ബുജൈർ എന്നീ പ്രമുഖർക്കൊപ്പം മികച്ച മെയ്‌വഴക്കവും മിടുക്കും പ്രകടിപ്പിക്കുന്ന യുവതാരങ്ങളുടെ നിരതന്നെ കേരള യുണൈറ്റഡിന്റെ ഭാഗമായുണ്ട്.
ഷെഫീൽഡ് ക്ലബ്ബ് താരങ്ങളുടെ വയസ് ശരാശരി 18-22 ആണ്. ഇതേ അനുപാതം തന്നെയാണ് കേരള യുണൈറ്റഡും സ്വീകരിച്ചിരിക്കുന്നത്. വേഴാമ്പൽ ആണ് ടീം ലോഗോ. ഗോകുലം എഫ്.സി മുൻ കോച്ച് ഷാജറുദ്ദീൻ കോപ്പിലാൻ ആണ് പരിശീലകൻ. താമസിയാതെ വിദേശ കോച്ചുമെത്തും. ഈ സീസണിൽ കേരള പ്രീമിയർ ലീഗിലേക്കാണ് ടീമിന്റെ തയ്യാറെടുപ്പ്. തുടർന്ന് ഐലീഗും ഐ.എസ്.എല്ലുമാണ് ലക്ഷ്യം. കോഴിക്കോട് ക്വാർട്സ് എഫ്.സിയെ ഏറ്റെടുത്താണ് കേരള യൂണൈറ്റഡ് രൂപവത്കരിച്ചത്.
ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌പോർട്സ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് യൂണൈറ്റഡ് വേൾഡ് ഗ്രൂപ്പ്. കേരള യുണൈറ്റഡിന് പുറമെ ഷെഫീൽഡ് യുണൈറ്റഡ്, ബെൽജിയം പ്രോ പ്രീമിയർ ലീഗ് ടീമായ ബീർഷോട്ട് വി.എ, ദുബൈ രണ്ടാം ഡിവിഷൻ ടീം അൽഹിലാൽ യുണൈറ്റഡ് തുടങ്ങിയ ടീമുകളുണ്ട്. ഈ നാല് ക്ലബ്ബുകൾ തമ്മിൽ കോച്ചുമാരുൾപ്പെടെ സാങ്കേതിക വിദ്യയും കൈമാറും. ക്ലബ്ബിൽ നിന്നും കളിക്കാരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കും ബെൽജിയം പ്രീമിയർ ലീഗിനും യുഎ.ഇ ലീഗിനും കൈമാറാനും കരാറുണ്ട്. വാർത്താസമ്മേളനത്തിൽ കേരള യുണൈറ്റഡ് എഫ്.സി സി.ഇ.ഒ ഷബീർ മണ്ണാരിൽ, ഓപ്പറേഷൻ മാനേജർ സൈനുദ്ദീൻ കക്കാട്ടിൽ, നജീബ്, അർജ്ജുൻ ജയരാജ്, അഡ്വ. സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.