-
കോട്ടയ്ക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിൽ കൊവിഡ് മാനദണ്ഡങ്ങളോടെ സുരക്ഷാ ഉറപ്പാക്കി നടത്തുന്ന സംശയ ദൂരീകരണ ക്ലാസുകൾ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ സന്ദർശിക്കുന്നു

മലപ്പുറം: വിദ്യാർത്ഥികളുടെ സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കുമായി ജില്ലയിൽ പുനരാരംഭിച്ച സ്‌കൂളുകൾ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ സന്ദർശിച്ചു. കോട്ടയ്ക്കൽ ഗവ.രാജാസ് എച്ച്.എസ്.എസ്, എടരിക്കോട് പി.കെ.എം.എച്ച്.എസ് എന്നിവയാണ് ജില്ലാ കളക്ടർ സന്ദർശിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ എങ്ങനെ പഠനം നടക്കുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ പരീക്ഷയുടെ ഭാഗങ്ങൾ എങ്ങനെ നൽകുന്നുവെന്നും കളക്ടർ വിലയിരുത്തി. ഓൺലൈൻ പഠന ക്ലാസുകളെക്കുറിച്ചും കളക്ടർ വിദ്യാർത്ഥികളോട് അന്വേഷിച്ചു.
കുട്ടികളുമായി സംവദിച്ച ജില്ലാ കളക്ടർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോദ്ധ്യപ്പെടുത്തി. തിരിച്ച് വീടുകളിലെത്തിയാൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ കുട്ടികൾക്ക് നിർദ്ദേശമേകി.

കുട്ടികളുടെ ബസ് യാത്ര, ബസ് കൺസെഷൻ പാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ക്ലാസിലേക്ക് കയറുമ്പോഴുള്ള ശരീരോഷ്മാവ് പരിശോധന, സാമൂഹിക അകലം പാലിക്കൽ, കൊവിഡ് ബോധവത്കരണം തുടങ്ങിയവയെക്കുറിച്ചും കളക്ടർ ചോദിച്ചറിഞ്ഞു. ജില്ലയിൽ പുനരാരംഭിച്ച എല്ലാ സ്‌കൂളുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സ്‌കൂളുകളിലും സ്‌കൂൾ ബസുകളിലും അണു നശീകരണം നടക്കുന്നുവെന്നും കളക്ടർ പറഞ്ഞു. സന്ദർശനത്തിൽ ജൂനിയർ സൂപ്രണ്ട് പി. ഷഫീഖ് മുഹമ്മദ്, ഡി.ഡി.ഇ കെ.എസ് കുസുമം, ഡി ഇ.ഒ വൃന്ദ കുമാരി, എ.ഇ.ഒ ബാല ഗംഗാധരൻ പങ്കെടുത്തു.