പൊന്നാനി : പൊന്നാനി ഹാർബർ പടിഞ്ഞാറെക്കര ഹൗറ മോഡൽ തൂക്കുപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി മന്ത്രി ഡോ.കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പുറത്തൂർ വില്ലേജിലെ പടിഞ്ഞാറെക്കര ഭാഗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട 187 സെന്റ് ഭൂമിയുടെ ഉടമകളാണ് പടിഞ്ഞാറെക്കര സീസോൺ റിസോർട്ടിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.
21 ഭൂവുടമകളാണ് യോഗത്തിൽ പങ്കെടുത്തത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായ വില ലഭ്യമാക്കിയാൽ സ്ഥലം വിട്ട് നിൽകാൻ തയ്യാറാണെന്ന് സ്ഥലമുടമകൾ മന്ത്രിയെ അറിയിച്ചു. ഇതുപ്രകാരം സ്ഥലത്ത് രണ്ടാഴ്ചക്കകം സർവേ നടത്തി ആവശ്യമായ ഭൂമി തിട്ടപ്പെടുത്തി നഷ്ടപരിഹാര തുക തീരുമാനിക്കും. വീട് നഷ്ടമാകുന്നവർക്ക് നിലവിലുള്ളതിന് സമാനമായ വീട് നിർമ്മിക്കാനുള്ള തുക തന്നെ സർക്കാർ നൽകുമെന്ന് മന്ത്രി ഉടമകൾക്ക് ഉറപ്പ് നൽകി. ഈ മാസം അവസാനത്തോടെ നഷ്ട പരിഹാര തുക സംബന്ധിച്ച് വിവരം ഉടമകളുമായി യോഗം ചേർന്ന് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.യോഗത്തിൽ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൾ സലാം, ആർ.ബി.ഡി.സി ഡെപ്യൂട്ടി കളക്ടർ പി. രാജൻ, ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ലത, ലാന്റ് അക്വിസിഷൻ തഹസിൽദാർ രഘുമണി, ഡെപ്യൂട്ടി തഹസിൽദാർ മധു, വാർഡ് മെമ്പർ ഹസ്പ്ര യഹിയ, പുറത്തൂർ വില്ലേജ് ഓഫീസർ ലതിക എന്നിവർ പങ്കെടുത്തു.
ടൂറിസം സാദ്ധ്യതകളേറെ
തിരുവനന്തപുരം കാസർകോട് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള പൊന്നാനി ഹാർബർ പടിഞ്ഞാറെക്കര തൂക്കുപാലം ഒരു കിലോമീറ്ററോളം നീളത്തിലാണ് നിർമ്മിക്കുക.
ഗതാഗതത്തിന് പുറമെ ഏറെ ടൂറിസം സാദ്ധ്യത കൂടിയുള്ള പദ്ധതിയാണിത്.തൂക്കുപാലത്തിൽ കടലിനോട് അഭിമുഖമായി വീതിയിൽ വാക് വേയും സഞ്ചാരികൾക്ക് ഇരിക്കാനും സൂര്യാസ്തമയം ആസ്വദിക്കുന്നതിനായി സൂര്യാസ്തമന മുനമ്പും ഉൾപ്പെടെയാണ് നിർദ്ദിഷ്ട പാലം.
ബിയ്യം കായൽ, ഭാരതപ്പുഴ, നിള മ്യൂസിയം, മറൈൻ മ്യൂസിയം, ഇൻഡോർ സ്റ്റേഡിയം ആൻഡ് ചിൽഡ്രൻസ് സ്പോർട്സ് പാർക്ക്, കർമ്മ പുഴയോരപാത, കനോലി ബ്രിഡ്ജ്, പൊന്നാനി ഹാർബർ, പൊന്നാനി അഴിമുഖം, പടിഞ്ഞാറെക്കര പാർക്ക്, പടിഞ്ഞാറെക്കര ബീച്ച് എന്നിവയെ കോർത്തിണക്കി പൊന്നാനി ടൂറിസം ട്രയാങ്കിൾ എന്ന പദ്ധതിയുടെ പൂർത്തീകരണവും ഇതിലൂടെ സാദ്ധ്യമാവും.
നിലവിലെ തലപ്പാടിഇടപ്പള്ളി എൻ.എച്ച് 66 ലെ ഭാഗങ്ങൾ കൂടി ചേർത്ത് അന്തർദേശീയ നിലവാരത്തിൽ 650 കിലോമീറ്റർ സൈക്കിൾ ട്രാക്കോടുകൂടി നിർമ്മിക്കുന്ന കോസ്റ്റൽ കോറിഡോറിലെ നാഴികക്കല്ലാവും പൊന്നാനി ഹൗറ മോഡൽ തൂക്കുപാലം.