ana

മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് അഞ്ചോളം കാട്ടാനകൾ


എടക്കര: മലയോരത്ത് കാട്ടാനകൾ ചെരിയുന്നതിന്റെ കാരണം തിരയാതെ വനം വകുപ്പ്. മൃഗസംരക്ഷണത്തിനായി കോടികൾ പൊട്ടിക്കുമ്പോഴാണ് നിലമ്പൂർ കാടുകളിൽ കാട്ടാനകൾ ചെരിയുന്നത് പതിവാകുന്നത്.

ഇക്കഴിഞ്ഞ ദിവസം മൈലമ്പാറ പനിച്ചോല പൊട്ടിയിൽ ആന ചരിഞ്ഞു.
കാട്ടിൽ നിന്നും 50 മീറ്ററോളം മാറി സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ 2 വർഷത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ആനയാണിത്.

ആനമറിക്ക് സമീപം മരുത വനാതിർത്തിയിൽ കൊമ്പനാന ചരിഞ്ഞിട്ട് വർഷം രണ്ടായിട്ടും കുറ്റക്കാരെ കണ്ടെത്താൻ അധികാരികൾക്കായില്ല. ചക്കക്കകത്ത് വിഷം വച്ചാണ് ആനയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ടായിരുന്നു.

മൂത്തേടം പടുക്ക വനാതിർത്തിയിലും വഴിക്കടവ് നെല്ലിക്കുത്ത് വനത്തിലും പോത്തുകല്ല് ഭൂദാനത്തും പുഞ്ചകൊല്ലി വനത്തിലും സമാന രീതിയിൽ കൊമ്പൻമാർ ചെരിഞ്ഞിരുന്നു.എന്നാൽ ഇത്തരം ജീവഹാനി സംബന്ധിച്ച് തുടരന്വേഷണം നടത്താനോ കുറ്റക്കാരെ പിടികൂടാനോ അധികൃതർക്കായില്ല.

ഏറ്റവും ഒടുവിൽ മൈലമ്പാറയിൽ കാട്ടാന ചരിഞ്ഞതോടെ അധികൃതർ കാരണം തിരക്കി ഇരുട്ടിൽ തപ്പുകയാണ്‌. പോസ്റ്റുമോർട്ടം നടപടികൾക്കും ആനകളുടെ ജഡം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടും ലക്ഷങ്ങളാണ് വനംവകുപ്പിന് ചെലവായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.