prem
പ്രേംകുമാർ കുറ്റിപ്പുറം

കുറ്റിപ്പുറം : മുള, ചിരട്ട, പി.വി.സി പൈപ്പ്.... സംഗീതോപകരണങ്ങൾ നിർമ്മിക്കാൻ കുറ്റിപ്പുറം സ്വദേശി പ്രേംകുമാർ ഉപയോഗിക്കുന്ന സാമഗ്രികൾ വ്യത്യസ്തമാണ്. നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് സംഗീതോപകരണങ്ങളുടെ തനിമ നഷ്ടപ്പെടാതെ പുതിയ സങ്കേതങ്ങളിൽ ഉപകരണങ്ങൾ നിർമ്മിച്ചെടുക്കുന്നത്.

മഴമൂളി, വയലിൻ, കലിമ്പ. ഒക്കാറിനോ, കഹോൺ. ബാംമ്പൂക്സ്യലോഫോൺ, വുഡൻഷേക്കർ. ബാംബൂകസു, ഓഷ്യൻഡ്രം തുടങ്ങിയവ പ്രേംകുമാർ വ്യത്യസ്തമായി നിർമ്മിച്ച കലോപകരണങ്ങളാണ്. ചിരട്ടയും മുളയും മരവുമെല്ലാം ഈ സംഗീതോപകരങ്ങൾക്ക് വ്യത്യസ്തമായ ചാരുത സമ്മാനിക്കുന്നു. വയലിനും ഗിറ്റാറും അടക്കമുള്ളവ നിർമ്മിക്കുന്നതും ഇത്തരം സങ്കേതങ്ങളുപയോഗിച്ചാണ്. മഴമൂളി, കലിമ്പ, കഹോൺ എന്നിവ വ്യത്യസ്ത സാമഗ്രികളുപയോഗിച്ച് ചെലവുകുറഞ്ഞ രീതിയിൽ ചെയ്തു കൊടുക്കുന്നുണ്ട്. മറ്റു ഉപകരണങ്ങൾ ആവശ്യമനുസരിച്ചാണ് ചെയ്യുന്നത്. കൈകൊണ്ട്, സമയമെടുത്താണ് എല്ലാ പണികളും ചെയ്യുന്നത്. വിവിധ കലാകാരൻമാർക്കൊപ്പം മറ്റുള്ളവർക്ക് സമ്മാനം നൽകാൻ വേണ്ടിയും ആളുകൾ പ്രേംകുമാറിനെ സമീപിക്കാറുണ്ട്.

മഴപെയ്യുന്ന ശബ്ദം കൃത്യമായി ഫലിപ്പിക്കാവുന്ന രീതിയിലാണ് മഴമൂളി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ചില ആൽബങ്ങളിൽ ഈ ഉപകരണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ചിത്രകലയിലും ശിൽപ്പകലയിലും പ്രേംകുമാർ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചുകഴിഞ്ഞു. തിരൂർ ഫൈൻ ആർട്സ് സ്‌കൂളിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ പ്രേംകുമാർ തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നുമാണ് ബി.എഫ്.എ പാസായത് കുറച്ചുനാൾ താത്കാലിക
അദ്ധ്യാപകനായി കുറ്റിപ്പുറം ബി.ആർ.സിയിൽ ജോലി ചെയ്തു.

ജീവിതോപാധി എന്ന നിലയിൽ സംഗീതോപകരണ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രേകുമാർ . ഇതിന്റെ ഭാഗമായി കുറ്റിപ്പുറം കേന്ദ്രീകരിച്ച് 'മഡ്' എന്ന സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലാണിദ്ദേഹം.