aswasam-kiranam-

മലപ്പുറം: കിടപ്പുരോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് സഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിയിൽ ജില്ലയിൽ അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു. 2019 മാർച്ചിന് ശേഷം പുതുതായി നൽകിയ ആയിരത്തോളം അപേക്ഷകൾ ഇതുവരെ പരിഗണിച്ചിട്ടില്ല. നിലവിൽ പദ്ധതിയിൽ അംഗങ്ങളായവർക്ക് 2019 സെപ്തംബറിലാണ് അവസാനമായി ധനസഹായം ലഭിച്ചത്. സംസ്ഥാനത്ത് ആകെ 1.30 ലക്ഷം പേരാണ് പെൻഷൻ വാങ്ങുന്നത്.

പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെങ്കിലും പഴയ അപേക്ഷകൾ തന്നെ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. പ്രതിമാസം 600 രൂപയാണ് ധനസഹായമായി ലഭിക്കുക. സർക്കാരിൽ നിന്ന് ഫണ്ട് മുടങ്ങിയതാണ് സഹായ ധന വിതരണം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

2010ൽ തുടക്കമിട്ട പദ്ധതിയിൽ ആദ്യം നൽകിയിരുന്നത് 250 രൂപയായിരുന്നു. നിലവിൽ 600 രൂപയാണ് ലഭിക്കുന്നത്. ഈ വിഹിതം വർദ്ധിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. പ്രതിമാസം മരുന്നിനും മറ്റുമായി നല്ലൊരു തുക ചെലവ് വരുന്നത് ചൂണ്ടിക്കാട്ടിയാണിത്. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ സാമൂഹ്യ സുരക്ഷാ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ധനസഹായം മുടങ്ങിയതോടെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, സ്പീക്കർ അടക്കമുള്ളവർക്ക് ഗുണഭോക്താക്കൾ പരാതി നൽകിയിരുന്നു.

വലിയ ആശ്വാസം

കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് മറ്റ് ജോലികൾക്ക് പോവാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള ശാരീരിക, മാനസിക വൈകല്യമുള്ളവർ, കാൻസർ രോഗികൾ, അന്ധർ, വിവിധ രോഗങ്ങൾ മൂലം കിടപ്പിലായവർ തുടങ്ങിയവരെയും ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മാനസിക രോഗികൾ എന്നിവരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. നിർധന കുടുംബങ്ങൾക്ക് ഏറെ ആശ്വാസമേകിയിരുന്ന പദ്ധതിയാണിത്.

പദ്ധതിയിലെ കുടിശ്ശിക തീർക്കാൻ കഴിഞ്ഞ ദിവസം സർക്കാർ 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ പദ്ധതിയിൽ അംഗങ്ങളായവർക്ക് ശേഷിക്കുന്ന തുക നൽകാനും പുതുതായി അപേക്ഷ നൽകിയവരുടേത് പരിഗണിക്കാനും ഇതുവഴി സാധിക്കും.
ജില്ലാ കോർഡിനേറ്റർ, സാമൂഹ്യ സുരക്ഷാ മിഷൻ