നിലമ്പൂർ: ടൂറിസം മേഖലയിലെ നിലമ്പൂരിന്റെ വലിയ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് നഗരസഭ ചെയർമാൻ ചുമതലയേറ്റ മാട്ടുമ്മൽ സലീം പറഞ്ഞു. നിലമ്പൂരിന്റെ വികസനസ്വപ്നങ്ങളെക്കുറിച്ച് കേരളകൗമുദിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം നേട്ടം
ടൂറിസം മേഖലയിൽ നിലമ്പൂരിന് ഒട്ടേറെ സാദ്ധ്യതകളുണ്ട്. ഇവ ഉപയോഗപ്പെടുത്തി നിലമ്പൂരിനെ മാതൃകാ നഗരമാക്കാനാണ് ശ്രമം. ഇക്കാര്യത്തിൽ റെയിൽവേയുടെ സഹായവും തേടിയിട്ടുണ്ട്. പാലക്കാട് വച്ച് അധികൃതരുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
പാർപ്പിട പദ്ധതികൾക്ക് ഊന്നൽ
ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ച് തയ്യാറാക്കിയ ഇടതു വികസന മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ പ്രതിജ്ഞാബന്ധമാണ്.പി.എം.എ.വൈ, ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് നൽകേണ്ട കുടിശ്ശിക വിതരണത്തിന് തയ്യാറായിട്ടുണ്ട്. നഗരസഭയിലെ പാർപ്പിട പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയായിരിക്കും പദ്ധതികൾ വിഭാവനം ചെയ്യുന്നത്. വനിതകൾക്കായി മഹിളാ സമൃദ്ധ പദ്ധതി ആവിഷ്‌കരിക്കും
അടിസ്ഥാന സൗകര്യവികസനത്തിന് നടപടി
തെരുവുവിളക്കുകളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് കരാറുകൾ കൊണ്ടുവരും. തൊഴിലുറപ്പുപദ്ധതി ഉപയോഗിച്ച് മുഴുവൻ ഡിവിഷനുകളിലും റോഡുകൾ കൊണ്ടുവരും.എം.എൽ.എ യുടെ സഹകരണത്തോടെ കുടിവെള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും.മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി നഗരസഭയിലെ ഏഴ് റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ചന്തക്കുന്ന് ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ നടപടികൾ വേഗത്തിലാക്കാനും മഴക്കാലത്ത് ടൗണിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും മുൻഗണന കൊടുക്കും.
ഫോർ ദ പീപ്പിൾ
അഴിമതി ഉൾപ്പെടെ പൊതുജനപരാതികൾക്കായി ഫോർ ദ പീപ്പിൾ ഓൺലൈൻ പരാതി പരിഹാര സംവിധാനമൊരുക്കും. ഗവ.മാനവേദൻ സ്‌കൂളിന്റെ വികസനത്തിനായി ഫണ്ട് അനുവദിക്കും.