vvv
ആളൊഴിഞ്ഞ അമ്പലപരിസരത്തിലൂടെ നിലമ്പൂർ പാട്ടിന് അവകാശം വാങ്ങി മടങ്ങുന്ന പ്രതിനിധി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരുമകൻ പാട്ടുത്സവമെന്നതിനാൽ പതിവ് ആളും ആരവവും അന്യം. ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടക്കുന്നത്

നിലമ്പൂർ: ആളും ആരവവുമില്ലാതെ ചടങ്ങുകൾ മാത്രമായി കോവിലകം വേട്ടെയ്ക്കൊരുമകൻ ക്ഷേത്രത്തിലെ വലിയകളം പാട്ട് നടത്തി. ഏറനാടിന്റെ ദേശീയോത്സവമെന്നറിയപ്പെടുന്ന നിലമ്പൂർ പാട്ട് നാടിന്റെ ആഘോഷമായാണ് നടത്തപ്പെടാറുള്ളത്. എന്നാൽ കൊവിഡ് വ്യാപന സാഹചര്യത്തിൽ ആഘോഷങ്ങളൊഴിവാക്കി ചടങ്ങ് മാത്രമാക്കാൻ കോവിലകം അധികൃതർ തീരുമാനിക്കുകയായിരുന്നു. വലിയകളംപാട്ടു ദിവസം ക്ഷേത്രമുറ്റത്ത് നടക്കുന്ന സർവ്വാണി സദ്യക്ക് ആയിരങ്ങളെത്താറുണ്ട്. കോവിലകത്തുള്ളവരും പ്രദേശവാസികളും ചേർന്ന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകളാണ് ഇതിനായി നടത്താറുള്ളത്. ഉൾവനങ്ങളിൽ നിന്നുള്ള ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ പരമ്പരാഗതമായി സദ്യക്കെത്താറുണ്ടായിരുന്നു. എന്നാൽ വലിയകളം പാട്ട് ദിവസമായ ഇന്നലെ ക്ഷേത്രപരിസരം ഒഴിഞ്ഞുകിടന്നു. ക്ഷേത്രത്തിനകത്ത് നടത്തുന്ന ചടങ്ങുകൾക്ക് പുറമേ കുടവരവിന് നേതൃത്വം നൽകുന്നവർക്കുള്ള ആഹാരം കൈമാറൽ ചടങ്ങ് മാത്രമാണ് ഇത്തവണ നടത്തിയത്.