vvvvvv

മലപ്പുറം: ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ജനുവരിയിൽ 3,​361 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ നേടിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദിവസം ശരാശരി 500 പേർ പനി ബാധിച്ചെത്തുന്നുണ്ട്. ഡിസംബറിനെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം കൂടുതലാണ്. ശരാശരി 300ന് താഴെയായിരുന്നു അസുഖ ബാധിതരുടെ എണ്ണം. കൊവിഡ് ഭീതിയിൽ ചികിത്സ തേടാൻ മടിച്ചവരും ആശുപത്രികളിൽ എത്തുന്നത് നിലവിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം മറ്റ് ജില്ലകളെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം മലപ്പുറത്ത് കൂടുതലാണ്. ഒരുദിവസം ശരാശരി 300 രോഗികളുമായി കോഴിക്കോടാണ് പനി ബാധിതരുടെ എണ്ണത്തിൽ മലപ്പുറത്തിന് പിന്നിലുള്ളത്. ഡെങ്കിപ്പനിയെ വലിയതോതിൽ പിടിച്ചുകെട്ടാനായത് ജില്ലയ്ക്ക് ആശ്വാസമാണ്. പുതുവർഷത്തിൽ രണ്ട് പേരെ ഡെങ്കിലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. താഴേക്കോട് സ്വദേശിയാണിത്. ഒരാളെ എലിപ്പനി ലക്ഷണങ്ങളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതിസാരം ശ്രദ്ധിക്കണം

ജില്ലയിൽ ഷിഗല്ല റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കിടെ 811 പേരാണ് അതിസാരം ബാധിച്ച് ചികിത്സ തേടിയത്. ദിവസം ശരാശരി 100 പേർ ചികിത്സയ്ക്കെത്തുന്നുണ്ട്. ചൂട് കനക്കുന്നതിനനുസരിച്ച് ചിക്കൻ പോക്സും തിരിച്ചെത്തുന്നു. 27 പേ‌ർ ചികിത്സ തേടി. വേനൽ കടുക്കുന്നതോടെ ജലജന്യ രോഗങ്ങൾ വർദ്ധിക്കാൻ സാദ്ധ്യത ഏറെയാണ്. തിളപ്പിച്ചാറിയ ശുദ്ധമായ കുടിവള്ളം ഉറപ്പാക്കുന്നതിലൂടെ രോഗം ബാധിക്കുന്നത് തടയാനാവുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. 2019ൽ മഞ്ഞപ്പിത്തം വ്യാപിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷം വലിയതോതിൽ നിയന്ത്രിക്കാനായി. ജനുവരിയിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസത്തെ പനി ബാധിതരുടെ കണക്ക്

ജില്ല രോഗികളുടെ എണ്ണം

തിരുവനന്തപുരം - 242

കൊല്ലം - 208

പത്തനംതിട്ട - 150

ഇടുക്കി - 168

കോട്ടയം - 149

ആലപ്പുഴ - 150

എറണാകുളം - 398

തൃശൂർ - 162

പാലക്കാട് - 147

മലപ്പുറം - 525

കോഴിക്കോട് - 278

വയനാട് - 154

കണ്ണൂർ - 364

കാസർക്കോട് - 261