നിലമ്പൂർ: കൊവിഡ് വാക്സിൻ കുത്തിവയ്പ്പിനായി നടത്തിയ ഡ്രൈ റൺ ജില്ലയിൽ പൂർത്തിയായി. നിലമ്പൂർ ജില്ലാ ആശുപത്രി, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നടന്ന ഡ്രൈ റൺ പ്രവർത്തനങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന നേതൃത്വം നൽകി. കൊവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്ത 24,238 പേരിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിലുള്ള 25 ആരോഗ്യ പ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി തിരഞ്ഞെടുത്തത്.
വാക്സിൻ രജിസ്ട്രേഷൻ മുതൽ നിരീക്ഷണം വരെ വാക്സിനേഷൻ നൽകുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു ഡ്രൈ റൺ നടത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മാസ് മീഡിയ ഓഫീസർ രാജു, ആർ.സി.എച്ച് ഡോ. രാജേഷ്, എം.സി. എച്ച് യശോദ, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ, ആർ.എം.ഒ ഡോ. ബഹറുദ്ദീൻ, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ. അനൂപ്, പി.പി. യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ പ്രവീണ, വാക്സിൻ കോൾ ചെയിൻ മാനേജർ ലിജി കൃഷ്ണ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ നടന്ന ട്രയൽ റണ്ണിൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ഇസ്മയിൽ, ഡി. പി.എം. ഡോ. എ. ഷിബുലാൽ, കൊവിഡ് നോഡൽ ഓഫീസർ ഡോ. അനീഷ്, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസർ പി.എം. ഫസൽ, അൽഷിഫാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.യാഹിയാൻ, അൽഷിഫാ യൂണിറ്റ് ഹെഡ് കെ.സി.പ്രിയൻ, നഴ്സിംഗ് സൂപ്രണ്ട് ഷേർളി തുടങ്ങിയവർ പങ്കെടുത്തു.
എല്ലാം കൃത്യം
ഒരു കാത്തിരിപ്പു മുറി, ഒരു കുത്തിവയ്പ് മുറി, ഒരു നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് വാക്സിനേഷൻ റൂം ഒരുക്കിയിരിക്കുന്നത്.
വാക്സിനേഷൻ ടീമിൽ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷൻ ഓഫീസർമാരും ഉൾപ്പെടെ അഞ്ച് പേരാണുള്ളത്.
രാവിലെ ഒമ്പതു മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുത്തു.
കൊവിഡ് 19 വാക്സിനേഷനായി ജില്ലയെ സജ്ജീകരിക്കാൻ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു
ഡോ. കെ. സക്കീന,
ജില്ലാ മെഡിക്കൽ ഓഫീസർ