മഞ്ചേരി : മാലാങ്കുളത്ത് യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ കവർന്നു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് സിനിമാ മോഡ ൽ തട്ടികൊണ്ടു പോകൽ അരങ്ങേറിയത്.ഇവർ സഞ്ചരിച്ച വാൻ ഉപേക്ഷിച്ച നിലയിൽ സമീപത്തു നിന്ന് കണ്ടെത്തി.
ചെങ്ങണ സ്വദേശി പരേറ്റ വീട്ടിൽ ലിയാഖത്ത് അലിയുടെ വാഹനമാണ് രണ്ടംഗ സംഘം വഴിയിൽ തടഞ്ഞ് നിറുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിതട്ടിക്കൊണ്ടുപോയത്.
കൂട്ടുകാരനെ വീട്ടിലിറക്കി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.വാനിലെത്തിയ സംഘം ലിയാഖത്ത് സഞ്ചരിച്ച ആൾട്ടോ കാർ തടഞ്ഞുനിറുത്തി. വാനിൽ നിന്നും ഒരാൾ പുറത്തിറങ്ങി യുവാവിന് നേരെ കത്തി കാണിച്ച് ഓടി രക്ഷപ്പെട്ടില്ലെങ്കിൽ കുത്തുമെന്ന് ഭീഷണിപ്പെടുത്തി. കാറിനൊപ്പം മൊബൈലും പണമടങ്ങിയ പേഴ്സും മറ്റുരേഖകളും നഷ്ടമായി. ഉടനെ മഞ്ചേരി പൊലീസിലെത്തി പരാതി നൽകി. തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പയ്യനാട് വില്ലേജ് ഓഫീസിനടുത്ത് ഇവർ സഞ്ചരിച്ച വാൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. പ്രതികൾ സഞ്ചരിച്ച വാഹനം ബാഗ്ലൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.