എടപ്പാൾ : മൂതൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 112.5 പവൻ സ്വർണാഭരണവും 65,000 രൂപയും കവർന്നു. മൂതൂർ മുതുമുറ്റത്തു വീട്ടിൽ മുഹമ്മദ് സുഹൈലിന്റെ വീട് കുത്തിത്തുറന്നായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലാണ് കവർച്ചയെന്നാണ് സൂചന. സുഹൈൽ വീട് അടച്ച് തൃശൂരിലെ സഹോദരിയുടെ വീട്ടിൽ പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. എടപ്പാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.