govind
ചെറുമുക്ക് കോട്ടേരിത്തായം വയലിലേ നെൽകൃഷിയിൽ വെള്ളം കയറിയപ്പോൾ

തിരൂരങ്ങാടി: 20 വർഷത്തോളമായി നെൽക്കൃഷിയിൽ നഷ്ടമറിഞ്ഞിട്ടില്ലാത്ത തമിഴ്നാട് സ്വദേശി ഗോവിന്ദസ്വാമിയുടെ കൃഷി ഇത്തവണ മഴ മുക്കി. കഴിഞ്ഞ ദിവസം കാലം തെറ്റി പെയ്ത മഴയാണ് വില്ലനായത്.

ചെറുമുക്ക് വയലിൽ കാരാട്ട് നാസറിന്റെ ഭൂമിയിലെ പത്തേക്കറിലാണ് തഞ്ചാവൂർ സ്വദേശി ഗോവിന്ദസ്വാമിയും (67) നാസറിന്റെ മകൻ ഫഹദും ചേർന്ന് കൃഷിയിറക്കിയത്. കഴിഞ്ഞ ആഴ്ച്ച ഇവർ ഞാറ് നട്ടിരുന്നു. ഞാറ് നടാനും യന്ത്രത്തിന്റെ ചെലവും നിലം ഒരുക്കാനുമായി 1.25 ലക്ഷം ചെലവായതായി ഗോവിന്ദസ്വാമി പറയുന്നു. മഴ ഇനിയും ശക്തമായി പെയ്താൽ നട്ടുപിടിപ്പിച്ച ഞാറ് തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് ഫഹദും ഗോവിന്ദസ്വാമിയും.
40 വർഷം മുമ്പാണ് ഗോവിന്ദസ്വാമി തഞ്ചാവൂരിൽ നിന്ന് ചെറുമുക്കിലെത്തിയത്. കൃഷിയുള്ളപ്പോൾ കാർഷികജോലിയും മറ്റു സമയങ്ങളിൽ വിവിധ ജോലികളും ചെയ്തു പോന്നു. ഇതിനിടെയാണ് തരിശായി കിടന്ന ഭൂമി നാസർ ഗോവിന്ദനെ കൃഷി ചെയ്യാനേൽപ്പിച്ചത്.20 വർഷമായി മികച്ച രീതിയൽ കൃഷി ചെയ്തുപോരുന്നു. നഷ്ടമെന്തെന്നറിഞ്ഞിട്ടേയില്ല. ഇത്തവണ പൊടുന്നനെ പെയ്ത മഴ ചതിച്ചു.

ഭാര്യയും രണ്ടുമക്കളുമുണ്ട് ഗോവിന്ദന്.