vvvvvvvvvvvvv

മലപ്പുറം: കേൾവിപരമായ പ്രശ്നങ്ങൾ നേരിടുന്ന കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയർത്തുന്ന ശ്രുതി തരംഗം പദ്ധതി സാധാരണക്കാരായ നിരവധി കുരുന്നുകൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങാകുന്നു. കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി ലഭിക്കുമെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന ശ്രവണ വൈകല്യമുള്ള അഞ്ച് വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിലൂടെ കേൾവിശക്തിയും തുടർച്ചയായ ഓഡിയോ വെർബൽ ഹാബിലിറ്റേഷനിലൂടെ
സംസാര ശേഷിയും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് ശ്രുതി തരംഗം.

സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ശ്രുതിതരംഗം പദ്ധതിയിൽ ഉൾപ്പെടുന്നതോടെ 5.5 ലക്ഷം രൂപ വരെ ചെലവുവരുന്ന ചികിത്സ തികച്ചും സൗജന്യമായി ലഭിക്കും. പ്രതിവർഷ വരുമാനം രണ്ടുലക്ഷം രൂപ വരെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് എംപാനൽ ചെയ്തിട്ടുള്ള 11 ആശുപത്രികളിൽ സൗകര്യപ്രദമായ ആശുപത്രി ഗുണഭോക്താവിന് തിരഞ്ഞെടുക്കാം. അംഗീകൃത ആശുപത്രികളിലെ ഡോക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടത്. അപേക്ഷാ ഫോം സാമൂഹിക സുരക്ഷാ മിഷന്റെയും ശ്രുതി തരംഗം പദ്ധതിയുടെയും വെബ് സൈറ്റിലും സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസുകളിലും ലഭിക്കും. സ്വകാര്യ ആശുപത്രികൾ തിരഞ്ഞെടുക്കുന്നവർ ശസ്ത്രക്രിയാ ചെലവ് വഹിക്കണം.


ശ്രുതി തരംഗം പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം
സാന്ത്വനം ആശുപത്രി, തിരുവനന്തപുരം
കിംസ് ആശുപത്രി, തിരുവനന്തപുരം
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്
മിംസ് ആശുപത്രി, കോഴിക്കോട്
ഡോ. മനോജ് ഇ.എൻ.ടി ആശുപത്രി കോഴിക്കോട്
ഡോ. നൗഷാദ് ഇ.എൻ.ടി ആശുപത്രി, എറണാകുളം
മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
വെസ്റ്റ് ഫോർട്ട് ആശുപത്രി, തൃശൂർ
എ.എസ്.സി ഇ.എൻ.ടി ആശുപത്രി, പെരിന്തൽമണ്ണ
ഗവ. മെഡിക്കൽ കോളേജ്,​ ആശുപത്രി കോട്ടയം.