എടപ്പാൾ: വ്യാഴാഴ്ച രാത്രി കവർച്ച ചെയ്യപ്പെട്ട മൂതൂർ കാലഞ്ചാടി ക്ഷേത്രത്തിനു സമീപത്തെ മുതുമുററത്ത് മുഹമ്മദ് സുഹൈലിന്റെ വീട്ടിൽ നിന്നും മോഷ്ടാക്കളുടെ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്ക് കിട്ടിയത് 15 പവൻ സ്വർണം. ആഭരണങ്ങളും പണവും കവർന്ന അലമാരയിൽ തുണിയിൽ സൂക്ഷിച്ച 15 പവൻ സ്വർണമാണ് മോഷ്ടാക്കളുടെ ശ്രദ്ധയിൽ പതിയാതെ പോയത്. പരിശോധന നടത്തിയപ്പോഴാണ് സ്വർണം പോയില്ലെന്ന് വ്യക്തമായത്. അലമാര കുത്തിത്തുറന്ന് പണവും ആഭരണവും കിട്ടിയതോടെ മോഷ്ടാക്കൾ കൂടുതൽ പരിശോധനയ്ക്ക് നിന്നില്ലെന്നാണ് പൊലീസ് നിഗമനം. വീടിന്റെ മുൻഭാഗത്തെ വാതിലിനു പോറൽ ഏൽക്കാതെയായിരുന്നു അകത്ത് കടന്നുള്ള മോഷണം. നേരത്തെ കാലഞ്ചാടി ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവവുമുണ്ടായിരുന്നു. ഒന്നര വർഷത്തിനുള്ളിൽ മൂന്നുവട്ടം ഭണ്ഡാരം കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. മുഹമ്മദ് സുഹൈൽ നൽകിയ പരാതിയിൽ നഷ്ടപ്പെട്ട സ്വർണം ഒരു മകളുടെയും മരുമകളുടെയും ബന്ധുവിന്റെയും സ്വർണമെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ കാമറയും പൊലീസ് പരിശോധിച്ചു. ഇതേക്കുറിച്ച് അറിയുന്നവരാണ് മോഷണം നടത്തിയതെന്ന അനുമാനത്തിലാണ് അന്വേഷണം നടക്കുന്നത്. തിരൂർ ഡിവൈ.എസ്.പി സുരേഷ് കുമാർ പൊന്നാനി, എസ്.ഐ. മഞ്ജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണംഅന്യസംസ്ഥാന തൊഴിലാളികളിലേക്കും
എടപ്പാൾ : മുതൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും ആഭരണവും പണവും അപഹരിച്ച സംഭവത്തിൽ അന്വേഷണം നാട്ടുകാർക്കൊപ്പം അന്യ സംസ്ഥാന തൊഴിലാളികളിലേക്കും. വിരലടയാള വിദഗ്ദ്ധർക്കൊപ്പം പൊലീസ് നായയുടെ സേവനവും പ്രയോജനപ്പെടുത്തിയാണ് നാടിനെ ഞെട്ടിച്ച കവർച്ചയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ളവരുടെ പേരുകളും ചെയ്തികളും പൊലീസ് സസൂഷ്മം പരിശോധിക്കുകയാണ്. ഉടമ മുഹമ്മദ് സുഹൈൽ തൃശൂരിലെ സഹോദരീഭവനത്തിലേയ്ക്ക് പോകുന്നത് നേരത്തെ മനസിലായവരാണ് മോഷണത്തിന് നേതൃത്വം നൽകിയതെന്നത് വ്യക്തമാണ്. വീട് അടച്ചു പോകുന്ന സമയത്ത് തന്നെ മോഷ്ടാക്കൾ വീടിന്റെ മുകൾമുറിയിൽ ഒളിച്ചിരുന്നുവെന്ന അനുമാനവും പുറത്ത് പറയപ്പെടുന്നുണ്ട്. സുഹൈലിന്റെ ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു വരികയാണ്.