മഞ്ചേരി: തുടർച്ചയായി രണ്ടാം തവണയാണ് വി.എം.സുബൈദ മഞ്ചേരി നഗരസഭയുടെ അദ്ധ്യക്ഷ പദവിയിലെത്തുന്നത്. അതിന് മുമ്പ് അഞ്ച് വർഷം സ്ഥിര സമിതി അദ്ധ്യക്ഷയായും സേവനമനുഷ്ടിച്ച വി.എം സുബൈദയുടെ അനുഭവസമ്പത്ത് മഞ്ചേരി നഗരസഭയുടെ അടുത്ത അഞ്ച് വർഷത്തെ വികസന കുതിപ്പിന് വഴിയൊരുക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ പാതിവഴിയിൽ നിർത്തിയ പദ്ധതികളുടെ പൂർത്തീകരണവും, സമഗ്ര നഗരവികസന പദ്ധതിയുമാണ് പുതിയ ഭരണസമിതിയുടെ മുന്നിലുള്ളത്. നഗരസഭാദ്ധ്യക്ഷക്ക് പുറമെ ഉപാദ്യക്ഷ പദവിയിലും ഇത്തവണ വനിതാ സാരഥിയാണുള്ളത് എന്നത് ഇത്തവണത്തെ മഞ്ചേരി നഗരസഭയുടെ മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞ തവണ ആരോഗ്യ സ്ഥിര സമിതി അദ്ധ്യക്ഷയായിരുന്ന കോൺഗ്രസിലെ അഡ്വ. ബീന ജോസഫാണ് ഇത്തണ വൈസ് ചെയർപെഴ്സൺ പദവിയിലുള്ളത്. മഞ്ചേരിയുടെ അടുത്ത അഞ്ച് വർഷത്തെ വികസന സ്വപ്നങ്ങളാണ് വി.എം സുബൈദ പങ്കുവെക്കുന്നത്.
നഗരവികസനം, സൗന്ദര്യവൽക്കരണം
നഗരത്തിന്റെ സമഗ്ര വികസനത്തിനും ആധുനികവൽക്കരണത്തിനും ഇത്തവണ മുഖ്യപരിഗണന നൽകും. മുൻ ഭരണസമിതിയുടെ കാലത്ത് തീരുമാനിച്ച ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പഴയ ബസ്റ്റാന്റ് കെട്ടിടം പൊളിച്ചായിരിക്കും ഇത് യാഥാർത്ഥ്യമാവുക. ഇതോടൊപ്പം ഡ്രൈനേജ് സംവിധാനം പുനക്രമീകരിച്ച് നഗരത്തിലെ നടപ്പാതകൾ ആധുനികവൽകരിക്കും, ബസ്റ്റാന്റിനോട് ചേർന്നുള്ള ഡൈലി മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്റ് പുനഃസ്ഥാപിക്കും, മാർക്കറ്റ് ഇന്റർലോക്ക് ചെയ്ത് നവീകരിക്കും. ചെടികൾ വെച്ച് പിടിപ്പിക്കുന്നതടക്കമുള്ള സൗന്ദര്യവൽക്കരണം നഗരത്തിൽ യാഥാർത്ഥ്യമാക്കും.
മാലിന്യ നിർമ്മാർജനം
ഹരിത കർമ്മ സേനയെ ഉപയോഗപെടുത്തിയുള്ള വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കും. ഇതിനായി വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കും, പ്രവർത്തനം താൽകാലികമായി നിർത്തിവെച്ച വേട്ടേകോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനം കോടതി ചട്ടങ്ങൾ പാലിച്ചുകൊണ്ട് പുനരാരംഭിക്കും. പരിസരവാസികൾക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ചുറ്റും ഗ്രീൻ ബെൽറ്റ് സ്ഥാപിക്കും.
ആരോഗ്യം മുഖ്യം
പി എച്ച് സി കളിൽ നഗരസഭയുടെ പൂർണ്ണ മേൽനോട്ടത്തിൽ സൗജന്യ ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കും. മെഡിക്കൽ കോളേജ് ആരംഭിച്ചതോടെ മഞ്ചേരിക്ക് നഷ്ടമായ ജനറൽ ആശുപത്രി ചെരണിയിൽ പുനഃസ്ഥാപിക്കാൻ നഗരസഭ സർക്കാറിൽ ശക്തമായ സമ്മർദ്ദം ചെലുത്തും.
വാർഡ്തല വികസനം
മുൻ ഭരണസമതി തുടങ്ങിവെച്ച ഭവനരഹിതരില്ലാത്ത മഞ്ചേരി എന്ന സ്വപ്നം ഇത്തവണ പൂർണ്ണമായി യാഥാർത്ഥ്യമാക്കും വാർഡുകളിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന നൽകും
വ്യവസായം, തൊഴിൽ
ജില്ലയുടെ മുഖ്യ വ്യാപാര കേന്ദ്രമെന്ന പദവി തിരിച്ചുപിടിക്കും. തെരുവ് കച്ചവടക്കാർക്ക് പ്രത്യേക ഇടമെരുക്കി ഒറ്റ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കും. നഗരസഭയ്ക്ക് കീഴിലെ വനിതാ അപ്പാരൽ പാർക്കിന്റെ മാതൃകയിൽ വേട്ടേകോട് വ്യവസായ അപാരൽ പാർക്ക് ആരംഭിക്കും. ഇവിടെ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വ്യവസായ യൂണിറ്റുകൾ ആരംഭിക്കാനുള്ള അവസരമൊരുക്കും. രണ്ട് അപ്പാരൽ പാർക്കുകളിലേക്കും പുറത്ത് നിന്നുള്ള വ്യവസായ സംരഭകരെ ആകർഷിക്കാനുള്ള അവസരമൊരുക്കും.
വിനോദം സാംസ്‌കാരികം
വാർഡ്തലത്തിൽ മിനി സാസ്‌കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കും. മാധവൻ നായർ സ്മാരക കേന്ദ്രം പൊതു സാസ്‌കാരിക നിലയമാക്കി ഉയർത്തും. ഓപ്പൺ ജിംനേഷ്യത്തിനും മിനി പാർക്കുകൾക്കുമുള്ള സാദ്ധ്യത പരിശോധിക്കും. പ്രഭാത സവാരിക്ക് നടപ്പാതകൾ ഒരുക്കും
ഗതാഗതം
പഴയ ബസ്റ്റാന്റ് ബസ് ബേ ആക്കുന്നതോടെ കച്ചേരി പടി ബസ്റ്റാന്റും പുതിയ ബസ്റ്റാന്റും കേന്ദ്രീകരിച്ച് പ്രായോഗിക ഗതാഗത പരിഷ്‌കരണം നടപ്പിലാകും. ഇതിന് പൊതുജനാഭിപ്രായം സ്വരൂപിച്ച് ട്രാഫിഖ് റെഗലേറ്ററി കമ്മിറ്റി യോഗം വിളിച്ചുചേർക്കും.