തിരൂരങ്ങാടി : കോൺഗ്രസിനെ തകർത്ത് ബി.ജെ.പിയെ വളർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച യുത്ത് പാർലമെന്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ തകർക്കാൻ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചു നീങ്ങുന്ന കാഴ്ച്ചയാണുള്ളത്. അതിന്റെ ഭാഗമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കൂട്ടുകെട്ട്. അത് നിയമ സഭാ തിരഞ്ഞെടുപ്പിലും തുടരാൻ സാദ്ധ്യതയുണ്ട്. അതിന്റെ മുന്നോടിയാണ് സി.പി.എം നേതാക്കളുടെ വർഗ്ഗീയ പ്രസംഗങ്ങളെല്ലാം. കോൺഗ്രസിനെ തകർത്ത് ബി.ജെ.പിയെ വളർത്താനുള്ള ലക്ഷ്യമാണ് ഇപ്പോൾ സി.പി.എമ്മിനുള്ളത്. അതാണ് ഇന്ന് കേരളത്തിൽ കാണുന്നത്. അത് വലിയ ദോശം ചെയ്യുമെന്നും അവസാനം സി.പി.എം നശിക്കുന്നതിലേക്ക് എത്തും. യു.ഡി.എഫിന്റെ അടിത്തറ കാക്കുന്നത് മുസ്ലിം ലീഗാണ്. യു.ഡി.എഫിന്റെ രൂപീകരണ കാലം തൊട്ടെ യു.ഡി.എഫിന്റെ അടിത്തറ കാത്തത് മുസ്ലിം ലീഗാണ്. യു.ഡി.എഫിലെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും പിടിച്ചു നിൽക്കാറുള്ളതും മുസ്ലിംലീഗ് പാർട്ടിയാണ്. അതുകൊണ്ടാണ് ഇടതുപക്ഷം ലീഗിനെ വല്ലാതെ ആക്രമിക്കുന്നതെന്നും ലീഗിനെ തളർത്തി യു.ഡി.എഫിനെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും എം.പി പറഞ്ഞു.