പൊന്നാനി: മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ പോര്. പദ്ധതി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് യു.ഡി.എഫും പദ്ധതിയെ ദുഷ്ടലാക്കോടെ യു.ഡി.എഫ് കാണുകയാണെന്ന് സി.പി.എമ്മും ആരോപിച്ചു.
കടലാക്രമണ ബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് സ്ഥലവും, വീടും ലഭ്യമാകുന്ന സർക്കാർ പദ്ധതിയായ പുനർഗേഹം പദ്ധതി പൊന്നാനിയിൽ സി.പി.എം ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. സർക്കാർ ഔദ്യോഗിക പരിപാടി പാർട്ടി പരിപാടിയായി മാറ്റിയെന്നാണ് യു.ഡി.എഫ് ആരോപണം. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 2,450 കോടി രൂപ വകയിരുത്തിയ പദ്ധതിയിക്ക് 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നുമാണ് നൽകിയിട്ടുള്ളതെന്നും ജനകീയമായി നടത്തേണ്ട ഇത്തരം പരിപാടികൾ സി.പി.എം ബ്രാഞ്ച് കമ്മിറ്റികളെ ഏൽപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.
എന്നാൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയവരുടെ സാന്നിദ്ധ്യം ഗുണഭോക്താക്കൾ ആഗ്രഹിച്ചതിനുള്ള പൂർത്തീകരണമാണ് നടന്നതെന്നും പദ്ധതിയെ ദുഷ്ടലാക്കോടു കൂടി യു.ഡി.എഫ് നോക്കി കാണുകയാണെന്നും പദ്ധതിയുടെ ഭാഗമായി സർക്കാർ ഔദ്യോഗികമായി പണം നൽകുകയും ഭൂമി കൈമാറുകയും ചെയ്തതിന് ശേഷം നടത്തിയ പരിപാടിയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറയേറ്റംഗം ടി.എം സിദ്ദിഖ് പറഞ്ഞു. എന്നാൽ പദ്ധതി ഉദ്ഘാടനം ചെയ്യേണ്ട സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചടങ്ങിന് എത്തിയതുമില്ല.