fffff
ഷാഹിദ് അഫ്രീദി

എടക്കര: മൂത്തേടത്തെ 15കാരൻ ഷാഹിദ് അഫ്രീദി ഇനി യൂത്ത് ഇന്ത്യ ഐ ലീഗിൽ ബംഗളൂരു എഫ്.സിക്കായി പന്തുതട്ടും. കേരള ബ്ളാസ്റ്റേഴ്സ് ഫുട്‌ബാൾ അക്കാദമിയിലൂടെ പരിശീലനം തുടങ്ങിയ മൂത്തേടം കാരപ്പുറം ചോലയിലെ പിലാക്കൽ ഷാഹിദ് അഫ്രീദിയാണ് ബംഗളൂരു എഫ്.സിയുമായി കരാർ ചെയ്തിരിക്കുന്നത്.

പിലാക്കൽ ജലീലിന്റെ രണ്ടാമത്തെ മകനാണ് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിയുടെ പേരാണ് കായികപ്രേമിയായ പിതാവ് മകനിട്ടത്. മറ്റൊരു പാക്കിസ്ഥാൻ ക്രിക്കറ്ററായ അഫ്സൽ ഷഹദ്, മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം ആസിഫ് സഹീർ എന്നിവരുടെ പേരാണ് ജലീൽ അഫ്രീദിയുടെ സഹോദരൻമാർക്കിട്ടത്.

നിലമ്പൂർ യുനൈറ്റഡ് എഫ്.സിയുടെ കമാലുദ്ദീൻ മൊയിക്കൽ, ഇസ്ഹാഖ്, ഉസ്മാൻ, ഷാജി എന്നിവർക്ക് കീഴിലാണ് പരിശീലനം നേടിയത്. എഫ്.സി കേരള, റെഡ് സ്റ്റാർ എന്നീ ക്ളബുകൾക്കായി മികച്ച പ്രകടനത്തിലൂടെ ഷാഹിദ് അഫ്രീദി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

14 ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ 19ന് ഷാഹിദ് പിതാവിനും മാതാവ് സാഹിറയ്ക്കുമൊപ്പം ബംഗളൂരുവിലേക്ക് പുറപ്പെടും. കഠിന പരിശീലനത്തിലൂടെ ഫുട്‌ബാൾ രംഗത്ത് നിലയുറപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് മുൻ സായ് കാമ്പസ് വിദ്യാർത്ഥി കൂടിയായ ഷാഹിദ് അഫ്രീദി പറയുന്നു.