തിരൂരങ്ങാടി: അനധികൃതമായി നടത്തി വരുന്ന റോഡ് പണിക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള കരാറുകാരുടെയും (യു.എൽ.സി.സി.എസ്) പി.ഡബ്ല്യൂ.ഡി ഉദ്യോ ഗസ്ഥരുടെയും നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.
പരപ്പനങ്ങാടി മുതൽ നാടുകാണി വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവൃത്തിയിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് സംയുക്ത സമരസമിതി പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. പരപ്പനങ്ങാടി മുതൽ തൃക്കുളംഅമ്പലപ്പടി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ പണി ഒരു പരിധിവരെ നിയമപരമായി നടന്നു അവിടം മുതൽ കക്കാട് വരെയുള്ള ഭാഗങ്ങളിൽ കരാർ പ്രകാരം റോഡിന്റെ ഇരുവശങ്ങളിലും ഡ്രൈനേജ് നിർമ്മിക്കാതെയും ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡിൽ നിന്നും മാറ്റി സ്ഥാപിക്കാതെയും കൈയേറ്റനിർമ്മിതികൾ പൊളിച്ചുമാറ്റാതെയുമാണ് പ്രവൃത്തി നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപങ്ങൾ.
പദ്ധതി ആരംഭം മുതൽക്കേ അനധികൃത കെട്ടിടങ്ങളും മറ്റും പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കൈയേറ്റങ്ങൾ അടയാളപ്പെടുത്തി നോട്ടിസ് നൽകിയിരുന്നു. എന്നാൽ കെട്ടിട ഉടമകൾ ചില രാഷ്ട്രീയ നേതാക്കളുടെ പിൻബലം ഉപയോഗപ്പെടുത്തി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈയേറ്റം തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ അധികൃതർ കണ്ണടച്ച് പ്രവൃത്തി തുടങ്ങി. ടാറിംഗ് തീരുന്ന മുറയ്ക്ക് പദ്ധതി ഉപേക്ഷിച്ച് സ്ഥലം വിടാനുള്ള ഒരുക്കത്തിലാണ് കരാറുകാറെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പലതവണ പ്രവൃത്തി തടഞ്ഞിരുന്നു.
പൊലീസിനെ വിന്യസിച്ച് പ്രവൃത്തി തുടങ്ങാനുള്ള നീക്കമറിഞ്ഞ് സ്ഥലത്തെത്തിയ സമരസമിതി പ്രവർത്തകർ ഇവരെ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ബി.സി വർക്ക് മാത്രം ചെയ്ത് മുങ്ങാനുള്ള കരാറുകാരുടെ ശ്രമം അനുവദിക്കില്ലെന്നും നിയമ പരമായി മാത്രമേ വർക്ക് തുടരാൻ അനുവദിക്കൂ എന്നും സംയുക്ത സമര സമിതിയുടെ നിലപാടെടുത്തതോടെ പൊലീസും കരാറുകാരും പിന്തിരിഞ്ഞു. ഇന്ന് നടക്കുന്ന എം.എൽ.എയുടെ നേതൃത്വത്തിലുള്ല യോഗത്തിൽ സംയുക്ത സമരസമിതി ഭാരവാഹികളെ ക്ഷണിക്കാത്തതും പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുന്നു.