karippur

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനാപകടമുണ്ടായി അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അഞ്ചംഗ വിദഗ്ദ്ധ സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. അഞ്ച് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിരുന്നത്. റിപ്പോർട്ട് സമർപ്പിക്കുന്നത് നീളുന്നതിലെ ആശങ്ക കേരളത്തിൽ നിന്നുള്ള എം.പിമാർ വ്യോമയാന വകുപ്പുമന്ത്രിയെ അറിയിച്ചതോടെ കഴിവതും നേരത്തെ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയം വിദഗ്ദ്ധ സംഘത്തോടെ ആവശ്യപ്പെട്ടിരുന്നു.
2020 ആഗസ്റ്റ് ഏഴിന് രാത്രി 7.10ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി 35 മീറ്റർ താഴ്‌ചയിലേക്ക് പതിച്ചാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. റൺവേ എൻഡ് സേഫ്റ്റി ഏരിയയും മറികടന്നായിരുന്നു വിമാനം അപകടത്തിലേക്ക് പാഞ്ഞത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരുടെ ജീവൻ പൊലിഞ്ഞു. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കുകളോടെ 168 പേർ ചികിത്സ തേടി. മാസങ്ങളോളം ചികിത്സയിൽ തുടർന്നവർ അടക്കമുണ്ട്. നിലവിൽ എല്ലാവരും ആശുപത്രി വിട്ടിട്ടുണ്ടെങ്കിലും ഗുരുതര പരിക്കേറ്റവർക്ക് ഇതുവരെയും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്താനായിട്ടില്ല. ലാൻഡിംഗിലെ പിഴവാകാം ദുരന്തത്തിന് വഴിവെച്ചതെന്ന നിരീക്ഷണം ശക്തമാണ്. ടേബിൾ ടോപ്പ് റൺവേയല്ല അപകടത്തിന് കാരണമെന്ന് വ്യോമയാനമന്ത്രി തുടക്കത്തിൽത്തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനാപകടവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിഗമനങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം അന്വേഷണ റിപ്പോർട്ടിലൂടെ സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. അപകടത്തിന് പിന്നാലെ കരിപ്പൂരിൽ വലിയ വിമാന സർവീസുകൾക്ക് ഡി.ജി.സി.ഐ താത്‌കാലിക വിലക്കേർപ്പെടുത്തിയിരുന്നു. അപകടത്തിൽപ്പെട്ട വിമാനം സംഭവസ്ഥലത്ത് നിന്നും സി.ഐ.എസ്.എഫ് ബാരക്കിന് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്.

ഇനി അന്തിമ നഷ്ടപരിഹാരം

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ഇടക്കാല നഷ്ടപരിഹാരത്തുക നൽകിയിട്ടുണ്ട്. മരിച്ചവരിൽ 12 വയസിന് മുകളിൽ പ്രായമുള്ള 15 പേരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപയും 12 വയസിന് താഴെയുള്ള നാല് കുട്ടികളുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ 92 യാത്രക്കാർക്ക് രണ്ടുലക്ഷം രൂപ വീതവും നിസാര പരിക്കേറ്റ 73 പേർക്ക് 50,000 രൂപ വീതവും നൽകിയിട്ടുണ്ട്. അതേസമയം അന്തിമ നഷ്ടപരിഹാര തുകയ്ക്കുള്ള നടപടികൾക്ക് വേഗം പോരാ എന്ന ആക്ഷേപമുയർന്നിട്ടുണ്ട്.

വലിയ വിമാനം വൈകില്ല
കോഴിക്കോട് വിമാനത്താവളത്തിൽ വൈകാതെ വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങിയേക്കും. എയർപോർട്ട് അതോറിറ്റി, സാങ്കേതിക വിദഗ്ദ്ധർ, വിമാനക്കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സമിതി യോഗം ചേർന്ന് വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്തിയിട്ടുണ്ട്. വലിയ വിമാനങ്ങൾക്ക് സുരക്ഷിതമായി ഇറങ്ങാൻ കഴിയുമെന്നും ഇതിനായി നടത്തിയ മുന്നൊരുക്കങ്ങൾ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി. വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോൾ പിൻഭാഗത്ത് നിന്നുണ്ടാകുന്ന കാറ്റിന്റെ വേഗം നിർണയിക്കൽ (ടെയിൽ വിൻഡ്), ലാൻഡ് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനത്തിന് ആവശ്യമായ റൺവേ പരിധി എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. കരിപ്പൂരിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതി ടെയിൽ വിൻഡ് അപകട സാദ്ധ്യതയാണെന്നും വലിയ വിമാനങ്ങളുടെ ലാൻഡിംഗിന് അനുയോജ്യമായ വിധത്തിൽ ടെയിൻ വിൻഡിന്റെ വേഗപരിധി നിർണയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വലിയ വിമാനങ്ങളുടെ സർവീസ് താത്ക്കാലികമായി നിറുത്തിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുണ്ടായിരുന്ന നല്ലൊരു പങ്ക് വിമാന സർവീസുകളും നിറുത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാരായ ഗൾഫ് പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത്. ചെറിയ വിമാനങ്ങളുമായി സർവീസ് നടത്താൻ പല കമ്പനികളും തയ്യാറായിട്ടില്ല. വലിയ വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മാത്രമേ ഹജ്ജ് സർവീസ് തിരിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുവരാനാവൂ. വലിയ വിമാനങ്ങളുടെ സർവീസ് നീണ്ടുപോവുന്നത് കോഴിക്കോട് വിമാനത്താവളത്തിന്റെ നിലനില്‌പു തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയും ശക്തമാണ്.