bbb

മലപ്പുറം: കാർഷിക കലണ്ടറിനെ തന്നെ മാറ്റിമറിച്ച് കഴിഞ്ഞ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴ ജില്ലയുടെ കാർഷിക മേഖലയെ തീർത്തും വെള്ളത്തിലാക്കി. നെൽകൃഷിക്കാണ് വലിയ തോതിൽ നാശനഷ്ടം നേരിട്ടത്. കൊയ്ത്തിന് പാകമായതും കതിരിട്ടതും ഒരുപോലെ വെള്ളത്തിനടിയിലായി. പുഞ്ചകൃഷിക്കായി ഞാറ് നട്ടതും വെള്ളത്തിൽ മുങ്ങി. അപ്രതീക്ഷിതമായി എത്തിയ മഴയിൽ കൊയ്ത്ത് തുടങ്ങിയ പാടങ്ങളിൽ കൂട്ടിയിട്ട നെല്ല് പോലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ കർഷകർക്കായില്ല. കൊയ്ത്ത് കഴിഞ്ഞ 80 ഹെക്ടറോളം സ്ഥലത്തെ നെല്ല് മഴയിൽ നശിച്ചു പോയി. വിളവെടുപ്പ് വരെയേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ എന്നതിനാൽ നഷ്ടം കർഷകർ തന്നെ സഹിക്കേണ്ടി വരും.

രണ്ടു ദിവസം, വലിയ നഷ്ടം

മഴ ശക്തമായി പെയ്ത ജനുവരി ആറു മുതൽ എട്ടു വരെയാണ് ജില്ലയിൽ വലിയ നാശനഷ്ടമുണ്ടായത്. 250.67 ഹെക്ടറിലെ കൃഷി നശിച്ചു. 770 കർഷകരാണ് ഇരകൾ. ഈ കാലയളവിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതും നെൽ കർഷകർക്കാണ്. 235 ഹെക്ടറിലെ നെല്ല് നശിച്ചതിലൂടെ 508 കർഷകർ കടക്കെണിയിലായി. 10.25 ഹെക്ടറിലെ നേന്ത്ര വാഴകൃഷി നശിച്ചു. 192 കർഷകരാണ് നഷ്ടം പേറുന്നത്. കുലയ്ക്കാത്തത് 9.22 ഹെക്ടർ, കുലച്ചത് 1.5 ഹെക്ടർ എന്നിങ്ങനെയാണ്. 7.4 ഹെക്ടറിലെ മരച്ചീനിയും ആറ് ഹെക്ടറിലെ പച്ചക്കറികളും നശിച്ചു.

നെല്ല് നാശനഷ്ടം ഇങ്ങനെ (കൃഷിഭവൻ,​ ഹെക്ടർ)​

കൊണ്ടോട്ടി ബ്ലോക്ക്

വാഴക്കാട് - 33
വാഴയൂർ - 6.6
പള്ളിക്കൽ - 12
നെടിയിരുപ്പ് - 6
കൊണ്ടോട്ടി - 8

മലപ്പുറം ബ്ലോക്ക്

പൊന്മള - 10

വേങ്ങര ബ്ലോക്ക്
കണ്ണമംഗലം - 18
ഊരകം - 1.6

മഞ്ചേരി ബ്ലോക്ക്
അരീക്കോട് - 5
ചീക്കോട് - 2
കീഴ്പറമ്പ് - 8
മഞ്ചേരി - 4.5

നിലമ്പൂർ ബ്ലോക്ക്
ചുങ്കത്തറ - 8
എടക്കര - 3
മൂത്തേടം - 1

വളാഞ്ചേരി ബ്ലോക്ക്
എടയൂർ - 25

വഴിക്കടവ് ബ്ലോക്ക്
അമരമ്പലം - 8


പരപ്പനങ്ങാടി ബ്ലോക്ക്
മുന്നിയൂർ - 4.38
തിരൂരങ്ങാടി - 20
വെട്ടത്തൂർ - 1.2